നഗരത്തിൽ കനത്ത മഴ

Monday 08 June 2020 1:38 AM IST

തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴ പെയ്തു. ഇടവിട്ട് പെയ്ത മഴ രാത്രിയും തുടർന്നു. നഗരത്തിൽ 28 മി.മീറ്ററും വിമാനത്താവളത്തിൽ 54 മി.മീറ്ററും മഴ ലഭിച്ചു. ശക്തമായ കാറ്റിൽ പല സ്ഥലങ്ങളിലും വൈദ്യുതി തടസമുണ്ടായെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പൂർണ ലോക്ക് ഡൗണായതിനാൽ മഴ ജനജീവിതത്തെ വലച്ചില്ല. രാവിലെ അരുവിക്കര ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. പുഴയുടെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി. അടുത്ത് രണ്ട് ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞം, ശംഖുംമുഖം, കോവളം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരുന്നു. ശക്തമായ കാറ്റ് വരും ദിവസങ്ങളിലുമുണ്ടാകുമെന്നുള്ളതു കൊണ്ട് തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.