മെഡിക്കൽ കോളേജിലേക്ക് ഹാൻഡ് ഫ്രീ ടോക്കൺ ഡിസ്പെൻസർ നൽകി വിദ്യ കോളേജ്

Monday 08 June 2020 1:15 AM IST

തൃശൂർ : മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗത്തിന് കൈകൾ കൊണ്ട് സ്പർശിക്കാതെ ടോക്കൺ ലഭിക്കുന്ന യന്ത്രം നൽകി തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജ്. കോളേജിലെ സ്കിൽ സെന്ററാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ആവശ്യപ്രകാരം യന്ത്രം നിർമ്മിച്ചത്.

യന്ത്രത്തിൽ കൈകൾ സ്പർശിക്കാതെ തന്നെ ടോക്കൺ ലഭിക്കും . കൊവിഡ് വ്യാപനം തടയാൻ ആശുപത്രികളിൽ ഇത്തരം യന്ത്രം അത്യാവശ്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു . കൊവിഡ് കാലത്ത് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി ബ്ലോക്കിൽ വരുന്ന കാൻസർ രോഗികൾക്ക് ഈ യന്ത്രം ഏറെ ഉപകാരമാകും . മെഡിക്കൽ കോളേജ് പഴയ ബ്ലോക്കിൽ നടന്ന ചടങ്ങിൽ ഹാൻഡ് ഫ്രീ യന്ത്രം സൂപ്രണ്ട്‌ ഡോ. ഷഹാന അബ്ദുൾ ഖാദർ ഏറ്റുവാങ്ങി. സ്കിൽ സെന്റർ മേധാവി എം. അനിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ വൈശാഖ് ഉണ്ണിക്കൃഷ്ണൻ , ആർ. സൂരജ്, മിജോ ജോസ് എന്നിവർ ചേർന്നാണ് യന്ത്രം നിർമ്മിച്ചത് .