പെരിങ്ങൽക്കുത്ത് ഡാമിൽ 'ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ'

Monday 08 June 2020 1:16 AM IST

തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലാവസ്ഥാ വ്യതിയാനം നേരിട്ട് ലഭിക്കുന്നതിനായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ഇത് സ്ഥാപിച്ചത്. ഡാമിലും പരിസരപ്രദേശത്തും പെയ്ത മഴയുടെ അളവ് നേരിട്ട് ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വകുപ്പിലും എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണിത്.

മഴ മാപിനി അളവ്, താപനില, അന്തരീക്ഷത്തിലെ ജലാംശ കണക്കുകൾ, കാറ്റിന്റെ വേഗത, അന്തരീക്ഷ മർദ്ദം എന്നീ വിവരങ്ങൾ കൃത്യമായി ഡാറ്റ ഫിൽറ്ററിൽ എത്തും. സൗരോർജ്ജം ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. ജില്ലയിലെ മേജർ ഇറിഗേഷൻ ഡാമുകളിൽ ഒന്നാണ് പെരിങ്ങൽക്കുത്ത് ഡാം. ചാലക്കുടി ഇടമലയാറിലും ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്.