രാജ്യസഭയിൽ മുത്തലാഖിനെ എതിർക്കുമെന്ന് കോൺഗ്രസ്

Saturday 29 December 2018 11:30 PM IST

ന്യൂഡൽഹി: നാളെ രാജ്യസഭയിൽ അവതരിപ്പിക്കാനിടയുള്ള മുത്തലാഖ് ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിവാദ വ്യവസ്ഥകൾ എതിർക്കുന്ന പ്രതിപക്ഷം സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ്. സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ ബിൽ പാസാക്കുക എളുപ്പമല്ല. തന്ത്രങ്ങൾക്ക് രൂപം നൽകാൻ നാളെ പ്രതിപക്ഷ കക്ഷികൾ യോഗം വിളിച്ചിട്ടുണ്ട്.


ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ലോക്‌സഭയിലെ ഡെപ്യൂട്ടി നേതാവുമായ കെ.സി.വേണുഗോപാൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ധൃതിപിടിച്ച് കൊണ്ടുവന്ന ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ 2017 ഡിസംബറിലേതു പോലെ രാജ്യസഭയിൽ കുടുങ്ങാനിടയുണ്ട്. 11നെതിരെ 245 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് ലോക്‌സഭയിൽ ബിൽ പാസായതോടെ തുടർന്ന് പ്രതിപക്ഷത്തെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. രാജ്യസഭയിൽ ബിൽ എത്തുമ്പോൾ ബില്ലിനെ ഒന്നിച്ചെതിർത്ത് പരിഹാരമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിച്ചേക്കും.


വോട്ടെടുപ്പിലേക്ക് നീങ്ങിയാൽ എ.ഐ.എ.ഡി.എം.കെ, ടി.ആർ.എസ് തുടങ്ങിയ കക്ഷികൾ വിട്ടു നിന്നാലും അത് ബില്ലിന്റെ ഫലത്തെ സ്വാധീനിക്കും. അതിനാൽ എല്ലാവരെയും ഒപ്പം നിറുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാൽ നാളത്തെ യോഗത്തിന് പ്രാധാന്യമേറെ.


കേന്ദ്രസർക്കാർ വാദങ്ങൾ:
മുത്തലാഖിനോടുള്ള മുസ്ളീം സ്‌ത്രീകളിലെ എതിർപ്പ് മുതലാക്കുകയാണ് ബില്ലിലൂടെ ബി.ജെ.പിയും കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത്. മുത്തലാഖ് 22 മുസ്ളീം രാജ്യങ്ങളിൽ നിരോധിച്ച കാര്യം പാർലമെന്റിൽ അടക്കം മന്ത്രിമാർ ആവർത്തിക്കുന്നുണ്ട്. ഏകസിവിൽ കോഡ്, മുത്തലാഖ് നിരോധനം എന്നിവ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മോദി സർക്കാരിന് ബിൽ അഭിമാന പ്രശ്‌നമാണ്. രാജ്യസഭയിൽ കുടുങ്ങുന്ന സാഹചര്യം വന്നാൽ ഒാർഡിനൻസ് രൂപത്തിൽ നിയമം നടപ്പാക്കിയാലും ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ അതുപയോഗിക്കാം.

പ്രതിപക്ഷത്തിന്റെ എതിർപ്പ്:
സുപ്രീംകോടതി 2017 ആഗസ്‌റ്റിൽ മുത്തലാഖ് നിയമവിരുദ്ധമാക്കി ഉത്തരവിറക്കിയ സാഹചര്യത്തിൽ നിയമം അനാവശ്യം

 വ്യക്തിനിയമവുമായി ബന്ധപ്പെട്ട മുത്തലാഖിൽ ക്രിമിനൽ കേസും മൂന്നു വർഷം തടവുശിക്ഷവും വ്യവസ്ഥ ചെയ്യുന്നത് ചട്ടങ്ങൾക്കെതിര്

 ഭർത്താവ് ക്രിമിനൽ കേസിൽ തടവിൽ ആയാൽ ഭാര്യയുടെ സംരക്ഷണം, ജീവിത ചെലവ്, നഷ്‌ടപരിഹാരം എന്നിവയ്‌ക്ക് ഉത്തരം ബില്ലിൽ ഇല്ല.

 ഭാര്യാ-ഭർത്താക്കൻമാർക്ക് വീണ്ടും ഒന്നിക്കാൻ അവസരം നൽകുന്ന നിക്കാഹ് ഹലാലയെക്കുറിച്ച് പരാമർശം ഇല്ല.

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒാവൈസി അടക്കം നിരവധി മുസ്ളീം നേതാക്കൾ പുതിയ ഭേദഗതികളെയും എതിർക്കുന്നു. മുത്തലാഖ് നിയമത്തിൽ ദുരുപയോഗം തടയാൻ യുവതിക്കോ അടുത്ത ബന്ധുക്കൾക്കോ മാത്രമാണ് ഭർത്താവിനെതിരെ കേസു നൽകാൻ അധികാരം. ഇരയായ യുവതിക്ക് കേസ് ഇല്ലാതാക്കാൻ കഴിയും. ഭാര്യയുടെ മൊഴി പരിഗണിച്ച് മജിസ്ട്രേട്ടിന് ഭർത്താവിന് ജാമ്യം അനുവദിക്കാം. കുട്ടികളുടെ സംരക്ഷണ കാര്യത്തിലും മജിസ്ട്രേട്ടിന് അവസാന വാക്കു നൽകുന്ന ഭേദഗതിയും പിന്നീട് വരുത്തിയതാണ്.