ഓൺലൈൻ ക്ലാസുകൾക്ക് 186 കേന്ദ്രങ്ങൾ

Sunday 14 June 2020 12:26 AM IST

ആലപ്പുഴ: റഗുലർ ഓൺലൈൻ ക്ലാസുകൾക്കായി ജില്ലയിലുടനീളം 186 പഠന കേന്ദ്രങ്ങൾ തയ്യാറായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

സഹകരണ സംഘങ്ങൾ, കുടുംബശ്രീ , സന്നദ്ധസംഘടനകൾ, വ്യവസായികൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് ടി.വി. ഉൾപ്പടെയുള്ള ഭൗതിക സൗകര്യം വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത്. സൗകര്യങ്ങൾ വിലയിരുത്താനായി കളക്ടർ എ. അലക്‌സാണ്ടർ ഓൺലൈൻ പഠന കേന്ദ്രങ്ങൾ സന്ദർശിച്ചു. കസ്തൂർബ വായനശാല മാരാരിക്കുളം, കലാലയ വായനശാല തുമ്പോളി, യൂണിവേഴ്‌സൽ വായനശാല തുമ്പോളി എന്നിവിടങ്ങളിലാണ് കളക്ടർ സന്ദർശനം നടത്തിയത്. വായനശാലകളിലെ സൗകര്യങ്ങൾ വിലയിരുത്തിയ കളക്ടർ കുട്ടികൾക്കായി കുടിവെള്ള സംവിധാനം, സാനിട്ടൈസർ തുടങ്ങിയവ ഉറപ്പാക്കണമെന്നും, സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും നിർദേശം നൽകി. ജില്ലാതലത്തിൽ ഡി.ഡി.ഇയും ഉപജില്ലാ തലത്തിൽ ഡി. ഇ.ഒ, എ.ഇ.ഒമാരും ക്ലാസ് ഫലപ്രദമായി ഉപയോഗപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പഠന കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കേണ്ട ചുമതല അതത് പ്രഥമാദ്ധ്യാപകർക്കാണ്. വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഷുക്കൂർ, സമഗ്ര ശിക്ഷ കേരള ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ഷാജി മഞ്ജരി എന്നിവരും

കളക്ടർക്കൊപ്പമുണ്ടായിരുന്നു.