മനോജ് മടങ്ങി​യെത്തി​; ആശ്വാസത്തോ‌ടെ സി​ന്ധു

Sunday 14 June 2020 12:29 AM IST

എടത്വ: ഒടുവി​ൽ മനോജ് വീട്ടി​ലെത്തി​. സി​ന്ധുവി​ന്റെ മനസി​ൽ ആശ്വാസവും ആനന്ദവും നി​റഞ്ഞു.

അണുബാധയെ തുടർന്ന് അബുദാബിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന എടത്വ പച്ച കറുകശേരിൽ മനോജ് മോഹനാണ് (46) കഴിഞ്ഞ ദിവസം അമ്മവീടായ ഇലയനാട് പവിത്രന്റെ തലവടിയി​ലെ വീട്ടിൽ എത്തിയത്. 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമേ പച്ചയിലുള്ള സ്വന്തം വീട്ടിൽ എത്തുകയുള്ളൂ. മാതാവിന്റെ സഹോദരൻ പവിത്രന്റെ ഭാര്യ സോളിയും മകൻ വിഷ്ണുവും മനോജിന്റെ ഭാര്യ സിന്ധുവുമാണ് മനോജിനെ ശുശ്രൂഷിക്കാനായി വീട്ടിലുള്ളത്. പവിത്രനും മക്കളായ ഉത്ര, പവിത്ര എന്നിവരും ബന്ധുവീട്ടിലേക്ക് താമസം മാറ്റി.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മനോജിനെ ആംബുലൻസിലാണ് തലവടിയിൽ എത്തിച്ചത്. എടത്വാ മെഡിക്കൽ ഓഫീസർ ഡോ. സിനിയുടെ നിർദ്ദേശപ്രകാരം മനോജിന് വേണ്ട മരുന്നുകൾ ഗ്രാമപഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത് രാവിലെ വീട്ടിലെത്തിച്ചുനൽകി. മനോജിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അബുദാബി​യി​ൽ വെൽഡർ ആയി ജോലി ചെയ്തു വരികയായിരുന്ന മനോജ് കഴിഞ്ഞ മാർച്ചിൽ തൊണ്ടയിൽ മുള്ള് കുടുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ സർജറിക്ക് വിധേയനായിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തൊണ്ടയ്ക്കുള്ളിലെ അണുബാധ നിയന്ത്രണ വിധേയമല്ലാതാവുകയും ചെയ്തു. അണുബാധ തൊണ്ടയും കടന്ന് സുഷുമ്നാ നാഡിയെ ബാധിക്കുകയും അത്യാവശ്യമായി ഒരു പുനഃ:ശസ്ത്രക്രിയക്ക് വിധേതനാകേണ്ടി വരികയും ചെയ്തു. തുടർന്നാണ് മനോജിന്റെ അവസ്ഥ വളരെ മോശമായത്. സാമൂഹ്യ പ്രവർത്തകനായ ഗണേഷ് കുമാറിന്റെയും മുസഫ ആർട്‌സ് സൊസൈറ്റി പ്രവർത്തകരുടെയും ഒരുമാസത്തെ ശ്രമഫലമായയാണ് മനോജിനെ നാട്ടിലെത്തിക്കാനായത്.