കൊവിഡ് മരണം: പടിയൂരും കർശന നിയന്ത്രണം

Friday 19 June 2020 12:11 AM IST
പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ മേഖലയിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടേയും ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്തുന്നു

ഇരിട്ടി: കൊവിഡ് ബാധിച്ച് ബ്ലാത്തൂരിലെ എക്‌സൈസ് ജീവനക്കാരനായ യുവാവ് സുനിൽ കുമാർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പും പൊലീസും പടിയൂർ മേഖലയിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കി. പടിയൂർ -കല്ല്യാട് പഞ്ചായത്തിന്റെ അധീന മേഖലയിൽ നിന്നും ഒരാൾ പോലും അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിന്റെ നേതൃത്വത്തിൽ മേഖല മുഴുവൻ പൊലീസ് നിയന്ത്രണത്തിലാക്കി. മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിൽപ്പെട്ട 150തോളം പേരും അവരുമായി സമ്പർക്കത്തിൽപ്പെട്ട 250ൽ അധികം പേരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.

പടിയൂർ, കല്ല്യാട്, ബ്ലാത്തൂർ, ഊരത്തൂർ, പുലിക്കാട് മേഖലയിലുള്ളവരാണ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പഞ്ചായത്തിന് പുറത്തും നിരവധിപേർ യുവാവുമായി സമ്പർക്കത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിനും ആരോഗ്യവകുപ്പിനും കിട്ടിയ വിവരം. ഗൗരവം മനസ്സിലാക്കി ജനങ്ങൾ സ്വയം നിയന്ത്രണത്തിലാണ്. ബ്ലാത്തൂർ, ഊരത്തൂർ, കല്യാട് മേഖലകളിൽ ആരും തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല.

അധികൃതരുടെ നിർദ്ദേശങ്ങൾ വരുന്നതിന് മുൻമ്പ് തന്നെ പ്രദേശവാസികൾ നിയന്ത്രണത്തിൽ ഏർപ്പെട്ടതായി പ്രദേശവാസിയും ഇരിട്ടി തഹസിൽദാറുമായ കെ.കെ. ദിവാകരൻ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിച്ച പാടെ തന്നെ യുവാവിനെ വെന്റിലേറ്ററിലേക്ക് മറ്റിയതിനാൽ യുവാവിൽ നിന്നും ഒരു വിവരവും ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. മേഖലയിലെ മുഴുവൻ റോഡുകളും അടച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. അവശ്യ സാധനങ്ങളെല്ലാം വീടുകളിൽ എത്തിക്കാനാണ് പഞ്ചായത്ത് സുരക്ഷാ സമിതി യോഗത്തിലുണ്ടായ തീരുമാനം. സുരക്ഷ നടപടികൾ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വിലയിരുത്തി.