50 ന്റെ നിറവിൽ ജനതാവായന ശാല

Friday 19 June 2020 7:27 AM IST

കിളിമാനൂർ: മികവ് കൊണ്ടും പാരമ്പര്യം കൊണ്ടും ശിരസുയർത്തി നിൽക്കുന്ന പനപ്പാംകുന്ന് ജനതാവായന ശാല അൻപതിന്റെ നിറവിൽ. പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറം മങ്ങാത്ത സാന്നിദ്ധ്യമായി ഇന്നും നിലകൊള്ളുന്ന ഈ ഗ്രന്ഥശാലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. 1955 മേയ് 22ന് പനപ്പാംകുന്നിൽ വച്ചു കൂടിയ അന്നത്തെ യുവജനങ്ങളുടെ സമിതിയാണ് പ്രദേശത്ത് ഒരു വായനശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. ആദ്യകാലത്ത് വായനശാല പനപ്പാംകുന്ന് ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. അക്കാലത്ത് തന്നെ പൊതുവിവരങ്ങൾ സാധാരണക്കാർക്ക് അനുഭവേദ്യമാക്കാൻ വായനശാലയിൽ റേഡിയോ സൗകര്യം ഏർപ്പെടുത്തി. 1970കളുടെ മദ്ധ്യത്തിൽ വായനശാലയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ഗ്രന്ഥശാല പുതിയ മന്ദിരത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ഇന്ന് അനേകം വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വായനശാല അനുഗ്രഹമായി മാറിയിരിക്കുന്നു.