തിരഞ്ഞെടുപ്പിൽ ജയിക്കാൻ ട്രംപ് ചൈനയുടെ സഹായംതേടി: ബോൾട്ടന്റെ പുസ്തകത്തിലെ വെളിപ്പെടുത്തൽ
വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സഹായം തേടിയിരുന്നതായി ട്രംപിന്റെ മുൻ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തൽ. അമേരിക്കയിൽ നിന്ന് കൂടുതൽ കാർഷിക ഉത്പന്നങ്ങൾ വാങ്ങി തിരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ സഹായിക്കണമെന്നാണ് ട്രംപ് ജിൻപിംഗിനോട് ആവശ്യപ്പെട്ടെന്നാണ് പുസ്തകത്തിലുള്ളത്.
വൈറ്റ്ഹൗസ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. കൊവിഡ്, ജോർജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങളിൽ വലയുന്ന ട്രംപ് ഭരണകൂടത്തിന് മുൻ ഉപദേഷ്ടവിന്റെ പുസ്തകം മറ്റൊരു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം,
577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള ശ്രമങ്ങളും ട്രംപ് ഭരണകൂടം ആരംഭിച്ചു. 23നാണ് പുസ്തകം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ബുധനാഴ്ച രാത്രി പുസ്തക പ്രകാശനം തടയുന്നതിനുള്ള അടിയന്തര ഉത്തരവ് തേടി സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനകം പുസ്‌കത്തിന്റെ ലക്ഷകണക്കിന് കോപ്പികൾ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമൺ & ഷസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ സഹോദരപുത്രിയും ട്രംപിനെക്കുറിച്ച് പുസ്തകമെഴുതുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.