ഈ ബീഫിനാരു മണി കെട്ടും...! വ്യാജ വിലയിട്ട് സോഷ്യൽ മീഡിയ
കോട്ടയം: ലോക്ക് ഡൗണിനു ശേഷം ഒറ്റക്കയറ്റത്തിലൂടെ ബീഫിന് വർദ്ധിച്ചത് 70 രൂപ..! തോന്നും പടി വില കുതിച്ചു കയറിയതോടെ ഇതു നിയന്ത്രിക്കാൻ സോഷ്യൽ മീഡിയ ഇടപെട്ടു. ബീഫിന്റെയും ചിക്കന്റെയും വില സർക്കാർ നിശ്‌ചയിച്ചതായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. പിന്നെയതങ്ങ് പറപറന്നു. 310 രൂപയിൽ കിടന്ന ഒരു കിലോ ബീഫിനു ഒറ്റ മാസം കൊണ്ടു വില വർദ്ധിച്ച് 380 ൽ എത്തിയതോടെയാണ് 'സോഷ്യൽ മീഡിയ'യുടെ ഇത്തരത്തിലുള്ള ഇടപെടൽ.
ലോക്ക് ഡൗണിനു മുൻപ് ജില്ലയിൽ ബീഫിന് 280 രൂപ മുതൽ 310 രൂപ വരെയായിരുന്നു വില. ലോക്ക് ഡൗണിനു ശേഷം സ്ഥാപനങ്ങൾ പ്രവർത്തന സജ്ജമായതോടെ തോന്നും പടിയായി വില വർദ്ധന. സംസ്ഥാന സർക്കാർ ഇറച്ചി വില നിശ്‌ചയിക്കാൻ സമിതിയെ നിശ്‌ചയിച്ചതായാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവയെ ഉൾപ്പെടുത്തിയാണത്രെ കമ്മിറ്റി രൂപീകരിച്ചത്.
സത്യം ഇതാണ്
ജില്ലാ കളക്‌ടർമാർക്ക് വില നിശ്‌ചയിക്കാൻ അധികാരമുണ്ട്. എന്നാൽ, ഇറച്ചി വ്യാപാരികൾ ഹൈക്കോടതിയിൽ നിന്ന് ഇതിനെതിരെ വിധി സമ്പാദിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലും വില നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വില നിയന്ത്രിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നടപ്പാക്കിയിട്ടില്ല.
യോഗം വിളിക്കും
ഇറച്ചി വില നിയന്ത്രിക്കാൻ വ്യാപാരികളുടെ യോഗം വിളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി മാർക്കറ്റിലെ കോഴി, പോത്ത്, ആട് ഇറച്ചിയുടെ വില പരിശോധിക്കും
വില ഇങ്ങനെ
ചിക്കൻ - 90 -110
ബീഫ് - 360 - 380