കൂളർ വയ്‌ക്കാൻ വെന്റിലേറ്റർ ഊരി മാറ്റി: കൊവിഡ് രോഗി മരിച്ചു

Saturday 20 June 2020 12:42 AM IST

ന്യൂഡൽഹി: ആശുപത്രി മുറിയിൽ ചൂട് കനത്തപ്പോൾ കൂളർ കണക്ട് ചെയ്യാൻ വേണ്ടി വീട്ടുകാർ വെന്റിലേറ്റർ ഊരിമാറ്റിയതിനെത്തുടർന്ന് കൊവിഡ് രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ മഹാറാവു ഭീംസിംഗ് ആശുപത്രിയിലാണ്സംഭവം. കൊവിഡ് രോഗിയെ കാണാൻ എത്തിയ കുടുംബാംഗങ്ങൾ കൂളർ കണക്ട് ചെയ്യാനായി വെന്റിലേറ്റർ പ്ലഗിൽ നിന്ന് ഊരി മാറ്റുകയായിരുന്നു. കൂളർ ഇവർ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയിൽ പ്രവർത്തിച്ച വെന്റിലേറ്റർ പിന്നെ ഓഫ് ആയി. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. ഡോക്ടർമാർ ഉടൻ എത്തിയെങ്കിലും രോഗിയെ രക്ഷിക്കാനായില്ല. രോഗി മരിച്ചതിനെത്തുടർന്ന് ബഹളം വച്ച ബന്ധുക്കൾ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി മെഡിക്കൽ സൂപ്രണ്ട് നവീൻ സക്‌സേന അറിയിച്ചു.