തോട്ടപ്പള്ളിയിലെ ഖനനം: പഞ്ചായത്ത് കമ്മിറ്റിയ്ക്ക് തിരിച്ചടിയായത് സെക്രട്ടറിയുടെ നിലപാട്

Saturday 20 June 2020 12:46 AM IST

 മുൻ സെക്രട്ടറിയുടെ നിലപാടിൽ പുതിയ സെക്രട്ടറിയും

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം നിറുത്താൻ ആവശ്യപ്പെട്ട് കെ.എം.എം.എല്ലിന് പുറക്കാട് പഞ്ചായത്ത് നൽകിയ സ്റ്റോപ് മെമ്മോയിൽ, അന്നത്തെ സെക്രട്ടറി രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് മറച്ചുവച്ച ഭരണസമിതിക്ക് തിരിച്ചടി. പുതിയ സെക്രട്ടറി ഈ വിയോജനക്കുറിപ്പ് ഹൈക്കോടതിയിൽ ഹാജരാക്കിയതോടെയാണ് ഖനനം തുടരാൻ അനുമതി ലഭിച്ചത്. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലും നിലവിലെ സെക്രട്ടറി വിയോജനം രേഖപ്പെടുത്തി. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

കഴിഞ്ഞ 30ന് പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനത്തെ തുടർന്നാണ് സ്റ്റോപ് മെമ്മോ നൽകിയത്. പൊഴിമുഖത്ത് നിന്ന് നീക്കുന്ന മണൽ അവിടെത്തന്നെ നിക്ഷേപിക്കണമെന്നായിരുന്നു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. പൊഴി മുറിക്കുന്നതിന് ചുമതല നൽകിയ കെ.എം.എം.എൽ പൊഴിമുഖത്തെ മണൽ കടത്തിക്കൊണ്ടു പോകുന്നുവെന്നായിരുന്നു പഞ്ചായത്തിന്റെ ആരോപണം. ഇന്നലെ പഞ്ചായത്ത് സമിതി അടിയന്തര യോഗം ചേർന്നപ്പോൾ മുൻ സെക്രട്ടറിയുടെ നിലപാടിൽ ഇപ്പോഴത്തെ സെക്രട്ടറിയും ഉറച്ചുനിന്നു.

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്നതിനാലാണ് മണലെടുപ്പിനെതിരെ ഹൈക്കോടതി നിലപാടെടുത്തത്. ഇതോടെ മണൽ നീക്കം നിറുത്തുകയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരുന്ന കേസ് അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഇന്നലെ പരിഗണിച്ചത്.