വിമാനത്തിൽ ലൈംഗികാതിക്രമം: യുവതിയുടെ പരാതിയിൽ സ​ഹ​യാ​ത്രി​ക​നെ​തിരെ കേസ്

Saturday 20 June 2020 12:56 AM IST

കൊ​ണ്ടോ​ട്ടി: വിമാന​ത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയിൽ സ​ഹ​യാ​ത്രി​ക​നെ​തിരെ കരിപ്പൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദറിനെതിരെയാ​ണ് (60)​ കേസെടുത്തത്. രാത്രി മസ്ക്കറ്റിൽ നി​ന്നു പുറ​പ്പെ​ട്ട വി​മാ​ന​ത്തിൽ ലൈറ്റ് ഓഫാ​ക്കിയതു മുതൽ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന അബ്ദുൾ ഖാദർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാ​തി. മലപ്പു​റം ജില്ലാ പൊലീ​സ് മേ​ധാ​വി​ക്കു യുവതി നൽകിയ പരാതി പി​ന്നീട് കരിപ്പൂർ പൊലീസിന് കൈമാറുകയായിരു​ന്നു. ​ഇ​ന്നലെ പുലർച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തി​യത്. വിമാനമിറങ്ങിയ ഉടൻ യുവതിയുടെ ഭർത്താവ് ഇ-മെയിലിൽ പരാതി അയച്ചെങ്കിലും പൊലീ​സിനു ലഭിച്ചിരു​ന്നില്ല. ക്വാ​റ​ന്റൈ​നി​ലായ യുവതി​ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനും കഴി​ഞ്ഞില്ല. പിന്നീട് മലപ്പുറം എസ്.പിക്ക് പ​രാ​തി നൽ​കി​യ​തോ​ടെ​യാണ് കരിപ്പൂർ പൊലീസ് കേസെടു​ത്തത്.