സച്ചിയുടെ വിയോഗം
രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്ന പറച്ചിൽ മനുഷ്യരെ ആഴത്തിൽ വേദനിപ്പിക്കുന്ന തരത്തിൽ ചിലപ്പോഴൊക്കെ ക്ഷണിക്കാതെ വീണ്ടും കടന്നുവരാറുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന കെ. ആർ. സച്ചിദാനന്ദന്റെ നാൽപ്പത്തിയൊൻപതാമത്തെ വയസ്സിലെ വിയോഗം സിനിമയിലെ മരണം പോലെ നടക്കാത്തതായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി.
ചുരുങ്ങിയ കാലം കൊണ്ട് കരിയറിന്റെ മുൻനിരയിൽ സച്ചി എത്തിയത് പ്രേക്ഷകരുടെ ഹൃദയങ്ങളിലൂടെയാണ്. എട്ട് വർഷത്തോളം അഭിഭാഷകനായിരുന്ന ഒരാൾ സിനിമയിലേക്ക് വന്ന് വളരെ പെട്ടെന്ന് വലിയ പേരുകാരനായി മാറാൻ വിചാരിക്കുന്നത്ര എളുപ്പമല്ല. സിനിമയിൽ നിലനിൽക്കുന്ന ഒരു അവസ്ഥയുടെ പുറന്തോട് പൊളിച്ച് അകത്ത് കയറാൻ തന്നെ ബുദ്ധിമുട്ടാണ്. കയറിയാൽ തന്നെ ആവർത്തനങ്ങളുടെ ചക്രങ്ങളിൽപ്പെട്ട് കുരുങ്ങിപ്പോകാനുള്ള സാദ്ധ്യതയും ഏറെ. കോടികളുടെ കളിയാണ് സിനിമ. അതിൽ പരീക്ഷണങ്ങൾക്ക് ഇടം ലഭിക്കുക എളുപ്പമല്ല. ഒരർത്ഥത്തിൽ സിനിമയിൽ ഒരു ഗെയിം ചെയിഞ്ചറായി മാറുന്ന സന്ദർഭത്തിലാണ് സച്ചി മഹാസംവിധായകന്റെ പായ്ക്കപ്പ് വിളി കേട്ട് മടങ്ങിപ്പോയത്. കരുത്തുറ്റ എത്രയോ സിനിമകൾ ഇനിയും സച്ചിയിൽ നിന്ന് പിറക്കേണ്ടതായിരുന്നു.
ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെങ്കിലും അദ്ദേഹം ആദ്യം പ്രവേശിപ്പിക്കപ്പെട്ട മറ്റൊരു ആശുപത്രിയിൽ ഇടുപ്പ് സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അവിടെ ചികിത്സാ പിഴവ് സംഭവിച്ചതായി വാർത്തകളും വന്നിരുന്നു. അതിനെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. ചികിത്സാ പിഴവ് സംഭവിച്ചോ ഇല്ലയോ എന്നതറിയാൻ സമൂഹത്തിന് ബാദ്ധ്യതയുണ്ട്.
ചോക്ളേറ്റ്, രാമലീല, അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസൻസ്, അനാർക്കലി, റൺ ബേബി റൺ, സീനിയേഴ്സ്, മേക്കപ്പ് മാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പിന്നിലെ കരുത്ത് സച്ചിയായിരുന്നു.
ഇതിൽ അയ്യപ്പനും കോശിയും എന്ന സച്ചി സംവിധാനം ചെയ്ത പടത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സാധാരണ ഗതിയിൽ ഒരു തിരക്കഥാകൃത്തും സംവിധായകനും സൂപ്പർ സ്റ്റാറിന്റെ ഇമേജിൽ കയറി തൊടില്ല. ഇൻഡസ്ട്രിയിൽ ബിജുമേനോനെക്കാൾ ഉയരത്തിൽ നിൽക്കുന്ന സ്റ്റാറാണ് പൃഥ്വിരാജ്. ക്ളൈമാക്സിലെ സംഘട്ടന രംഗത്തിൽ നായകന് ഒരു ക്ഷീണം പറ്റുന്നത് കഥയിൽ ആരും സങ്കല്പിക്കുക പോലുമില്ല. ആ പരീക്ഷണം നടത്തി വിജയിപ്പിച്ചു എന്നതാണ് സച്ചിയുടെ കഴിവ്. കഥയേക്കാൾ കഥാപാത്രങ്ങളുടെ കരുത്താണ് സച്ചിയുടെ ചിത്രങ്ങളെ വിജയിപ്പിക്കുന്നത്. അഭിഭാഷക ജീവിതത്തിൽ നിന്നാണ് പല കഥാപാത്രങ്ങളുടെയും പൊട്ടും പൊടിയും സച്ചി വേർതിരിച്ചെടുത്തത്. അവരെ അതേപോലെ പറിച്ച് നട്ടാൽ സിനിമയാകില്ല. സിനിമയുടെ ഭാഷയിൽ അവർ വാർന്നു വീഴുമ്പോൾ മാത്രമേ അത് പ്രേക്ഷകന് ആസ്വാദ്യകരമാകൂ. ആ മാജിക് സ്വന്തമായിട്ടുണ്ടായിരുന്ന ചെറുപ്പക്കാരനായ സിനിമാ കലാകാരനെയാണ് സച്ചിയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത്.