പാമ്പുമായി നടത്തിയ ഒരു അഭിമുഖം
അതീന്ദ്രിയ ധ്യാനത്തിലൂടെയാണ് പാമ്പിന്റെ ഭാഷ മനസിലാക്കിയത്. അതിന്റെ വിശദാംശങ്ങൾ നിഗൂഢമായതിനാൽ ഈ കുറിപ്പിൽ വെളിപ്പെടുത്താനാവില്ല.
ഓഫീസിലെ സമാനമനസ്ക്കരുമായി സംസാരിച്ചാണ് ചോദ്യങ്ങളും തയ്യാറാക്കിയത്. കാരണം പാമ്പിനെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ പാടില്ലല്ലോ. സാമൂഹ്യ അകലം പാലിച്ച് മതി ഇന്റർവ്യൂ എന്ന വിലപ്പെട്ട ഉപദേശം നൽകിയത് ഡി.ടി.പി സെക്‌ഷനിലെ പ്രസന്നനാണ്.
പേര്, ഇനം, അഭിമുഖം നടത്തിയ സ്ഥലം എന്നിവ വെളിപ്പെടുത്തരുത് എന്ന ഒരു കണ്ടീഷൻ മാത്രമാണ് പാമ്പ് മുന്നോട്ട് വച്ചത്.കാരണം ഇതു വായിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരോ പാമ്പ് പിടിത്തക്കാരോ നാട്ടുകാരോ വന്നാൽ തന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് പാമ്പിനറിയാം. 'പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം" എന്ന കവിതയും ആമുഖമായി പാമ്പ് ചൊല്ലി.
അഭിമുഖത്തിന് മുമ്പ് മാസ്‌ക് മാറ്റണോ എന്ന എന്റെ ചോദ്യത്തിന് 'അതൊക്കെ നിങ്ങളുടെ ഇഷ്ടം, ഒന്നുമില്ലെങ്കിലും അത്രയും ഭാഗത്തെ കള്ളത്തരം മറഞ്ഞിരിക്കുമല്ലോ" എന്നായിരുന്നു പാമ്പിന്റെ മറുപടി. ഇതുവരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് മനുഷ്യകുലത്തിലുള്ള വിശ്വാസം പാമ്പിന് നഷ്ടപ്പെട്ടതായാണ് ഈ ലേഖകന് തോന്നിയത്. ഇനി ചോദ്യോത്തര രൂപത്തിലുള്ള അഭിമുഖത്തിലേക്ക് കടക്കുകയാണ്.
ചോദ്യം : പാമ്പ് പിടിത്തത്തിന് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ. വ്യക്തിപരമായി ഇതിനെ എങ്ങനെ വിലയിരുത്തുന്നു?
പാമ്പ് : ഏത് ലൈസൻസ് സമ്പ്രദായവും കാലക്രമത്തിൽ മനുഷ്യനെ ദുഷിപ്പിക്കും. ഇന്ത്യൻ ബ്യൂറോക്രസിയെ അഴിമതിയിൽ മുക്കിയതിൽ ലൈസൻസ് രാജിന് വലിയ പങ്കുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്. രാഷ്ട്രീയ നേതൃത്വവും അവസരം മുതലെടുത്ത് കാശുണ്ടാക്കും. ഉദാഹരണത്തിന് നാളെ പാർട്ടി ഓഫീസിൽ നിന്ന് വിളിച്ച് പറയുന്ന ഒരാൾക്ക് പാമ്പ് പിടിക്കാൻ അറിയില്ലെങ്കിലും ലൈസൻസ് കിട്ടില്ലേ? ആദ്യമൊക്കെ നല്ല രീതിയിൽ തുടങ്ങിയാലും പിന്നീട് കാശ് തള്ളുന്നവർക്ക് മാത്രം കിട്ടുന്ന ഏർപ്പാടായി ലൈസൻസ് സമ്പ്രദായം മാറും! ചുരുക്കി പറഞ്ഞാൽ പാമ്പ് പിടിക്കാൻ അറിഞ്ഞുകൂടാത്തവർക്ക് മാത്രം കിട്ടുന്ന സർട്ടിഫിക്കറ്റായി കാലക്രമത്തിൽ ഇത് മാറാതെ തരമില്ല. മാത്രമല്ല, പിടിക്കാൻ വരുന്ന ആരോടും ഞങ്ങൾ ലൈസൻസ് ചോദിക്കാറുമില്ല. ഇത്തരുണത്തിൽ പിണറായി സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് തന്നെയാണ് എന്റെ സുവ്യക്തമായ അഭിപ്രായം.
ചോദ്യം : ഒരു കൊലപാതകത്തിന് അടുത്തിടെ പാമ്പിനെ ഉപയോഗിച്ചത് വലിയ വിവാദമായിരിക്കുകയാണല്ലോ. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?
പാമ്പ് : കേസ് കോടതിയിൽ ആയതിനാൽ ഇക്കാര്യത്തിൽ എന്തെങ്കിലും അഭിപ്രായം പറയുന്നത് സബ് ജുഡീസ് ആകും. പക്ഷേ നിങ്ങൾ ചോദിച്ചതുകൊണ്ട് മാത്രം ഇത്രയും പറയാം. പല പാമ്പ് കടി മരണങ്ങളും പുനരന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാണെങ്കിൽ മിക്കതിലും പാമ്പ് നിരപരാധിയാണെന്ന് കണ്ടെത്താനാകും. യഥാർത്ഥത്തിൽ മനുഷ്യന്റത്രയും വിഷജീവികളല്ല ഞങ്ങൾ.
ചോദ്യം : അടിച്ച് പാമ്പായി എന്ന ഒരു പ്രയോഗം ഇപ്പോൾ നിലവിലുണ്ടല്ലോ. ഇതിനെക്കുറിച്ച് എന്തു പറയുന്നു?
പാമ്പ് : മദ്യപാനികളെ സാധാരണ ഞാൻ പരിഹസിക്കാറില്ല. കാരണം ബോധം കെടുമ്പോഴും ഉറങ്ങുമ്പോഴും മാത്രമാണ് മനുഷ്യൻ നിരുപദ്രവിയായി മാറുന്നത്. അതിനാൽ തുടർന്നും ആ പ്രയോഗം അവർ നടത്തുന്നതിൽ എനിക്ക് അലോഹ്യമില്ല.
ചോദ്യം : ഇര തേടലും കുടുംബജീവിതവും ഒഴികെ പിന്നെന്താണ് ഹോബി?
പാമ്പ് : നല്ല പുള്ളുവൻ പാട്ട് ആസ്വദിക്കും. നന്നായി പാടാനറിയാവുന്നവർ കുറഞ്ഞ് വരികയാണ്.
ചോദ്യം : കൊറോണ വരുമെന്ന ഭയമുണ്ടോ?
പാമ്പ് : ഞങ്ങൾ പണ്ടേ സാമൂഹിക അകലം പാലിച്ച് ജീവിക്കുന്നവരാണ്. അതൊക്കെ നിങ്ങൾ മനുഷ്യർക്കേ വരൂ.
[അനുവദിച്ച സമയം തീർന്നതിനാൽ അഭിമുഖം മതിയാക്കി എഴുന്നേറ്റപ്പോൾ പാമ്പ് ഇത്രകൂടി പറഞ്ഞു]
പാമ്പ് : ജീവിതത്തിൽ മാത്രമല്ല സാഹിത്യത്തിലും പലരും ഞങ്ങൾ ചെയ്യാത്ത കുറ്റം ഞങ്ങളുടെ തലയിൽ കെട്ടിവച്ചിട്ടുണ്ട്. ഖസാക്കിന്റെ ഇതിസാഹത്തിൽ തന്നെ രവി പാമ്പ് കടിയേറ്റ് മരിച്ചതായിട്ടാണല്ലോ ചിത്രീകരിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. ബസ് വരികയും രവി കയറി പോവുകയുമാണ് ചെയ്തത്. കൈതക്കാട്ടിൽ മറഞ്ഞിരുന്ന എന്റെ പിതാവ് നേരിട്ട് കണ്ടതാണത്. ഇനി പറയുക. സാമൂഹ്യ അകലം പാലിച്ച് മര്യാദയ്ക്ക് ജീവിക്കുന്ന ഞങ്ങളാണോ അതോ ചെയ്യാത്ത കുറ്റങ്ങൾ ജീവിതത്തിലും സാഹിത്യത്തിലും ഞങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നിങ്ങളാണോ നല്ലവർ?