ദീനദയാൽ ഉപാദ്ധ്യായ പുരസ്‌കാർ തൃശൂർ ജില്ലാ പഞ്ചായത്തിന്

Saturday 20 June 2020 1:35 AM IST

തൃശൂർ: കേന്ദ്ര സർക്കാരിന്റെ പഞ്ചായത്തീരാജ് മന്ത്രാലയം സമ്മാനിക്കുന്ന ഏറ്റവും നല്ല ജില്ലാപഞ്ചായത്തിനുള്ള ദീനദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരത്തിന് തൃശൂർ ജില്ലാപഞ്ചായത്ത് അർഹമായി. 2018- 19 വർഷത്തിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം. കേരളത്തിൽ നിന്ന് തൃശൂർ ജില്ലാപഞ്ചായത്തിന് മാത്രമാണ് ഈ അംഗീകാരം. പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാന സർക്കാർ വഴി കൈമാറുന്ന പ്രാത്സാഹനത്തുകയും പ്രശസ്തി പത്രവും ജില്ലാ പഞ്ചായത്തിന് ലഭ്യമാകും. ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് ആൻഡ് ടെക്‌നാളജി പാർക്കുകളിൽ ഒന്നായ വിജ്ഞാൻ സാഗർ, ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രൊജക്ടുകൾ, ചെറുകിട ജലസേചന പദ്ധതികൾ, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും പ്രവർത്തന മികവും, ദേശീയ ഗ്രാമീണ താഴിലുറപ്പ് പദ്ധതിയുമായി സംയാജിപ്പിച്ചുള്ള 76 അംഗൻവാടികളുടെ നിർമ്മാണം, അംഗൻ വാടികളിൽ വാട്ടർ പ്യൂരിഫയർ, എ.സി, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയും തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്‌കാരം.

കമന്റ് ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ 5 വർഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ അവാർഡ്. അഭിമാനാർഹമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും പദ്ധതി പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. - മേരി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്