കോൺഗ്രസ് ജനപ്രതിനിധികൾ ഉപവസിച്ചു
തൃശൂർ : വിദേശത്ത് നിന്നും മടങ്ങി വരുന്ന പ്രവാസികൾക്ക് കൊവിഡ് രോഗബാധ ഇല്ലായെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ കളക്ടറേറ്റിനു മുന്നിൽ ഉപവാസ സത്യാഗ്രഹ സമരം നടത്തി. ടി.എൻ പ്രതാപന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ ആലത്തൂർ എം.പി രമ്യ ഹരിദാസ് , വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര എന്നിവർ പങ്കാളികളായി. രാവിലെ 9 ന് ആരംഭിച്ച ഉപവാസ സമരം കെ.പി.സിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.കെ കൊച്ചു മുഹമ്മദ്, പി.എ മാധവൻ, എം.പി വിൻസെന്റ്, കെ.ആർ ഗിരിജൻ, സി.എച്ച് റഷീദ്, ടി.യു രാധാകൃഷ്ണൻ തുടങ്ങിയവർ ഉപവാസ പന്തലിലെത്തി.