ഹർഷയുടെ മരണം: അമ്മ അറസ്റ്റിൽ, പഠിക്കാത്തതിന് മർദിച്ചിരുന്നതായി അശ്വതി
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ ഹർഷയെ (13) വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അശ്വതിയെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇന്നലെ വൈകിട്ട് 5ന് ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ 14നാണ് ഹർഷ മരിച്ചത്. പഠിക്കാത്തതിന്റെ പേരിൽ മർദ്ദിക്കാറുണ്ടെന്നും മരിക്കുന്നതിന്റെ തലേന്നും മർദ്ദിച്ചതായും അശ്വതി പൊലീസിനോട് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് മകൾക്ക് ഉമ്മ നൽകുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന്റെ തലേന്ന് വഴക്കിട്ടതിനാൽ ഉമ്മ നൽകിയില്ല. പഠിക്കാത്തതിനാൽ ഹർഷയെ, ബന്ധം പിരിഞ്ഞുപോയ പിതാവിന്റെ അടുത്ത് ആക്കുമെന്നു പറഞ്ഞിരുന്നതായും അശ്വതി പൊലീസിനോട് വെളിപ്പെടുത്തി. പഠിക്കുന്നതിനിടെ ഉറങ്ങിയതിന് വഴക്ക് പറഞ്ഞിരുന്നത് അശ്വതി സമ്മതിച്ചതായും സി.ഐ ആർ.ജോസ് പറഞ്ഞു. അശ്വതി ഹർഷയെ നിരന്തരം മർദ്ദിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.