"ഷുക്കൂറിനെ കൊന്ന പോലെ കൊല്ലും"; ഡി.വൈ.എഫ്.ഐയുടെ കൊലവിളി പ്രകടനത്തിൽ കേസെടുത്തു

Sunday 21 June 2020 10:04 PM IST

മലപ്പുറം: കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ ഡി.വൈ.എഫ്‍.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ലീഗിന്റെ പരാതിയിൽ എടക്കര പൊലീസാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. മലപ്പുറം മൂത്തേടത്താണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയത്. അതേ സമയം കൊലവിളി പ്രകടനത്തെ തള്ളി ജില്ലാനേതൃത്വം രംഗത്തെത്തി. മുദ്രാവാക്യം പാർട്ടിയുടെ പൊതുനിലപാടിന് യോജിച്ചതല്ല. പ്രകടനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ജില്ലാനേതൃത്വം അറിയിച്ചു.

കണ്ണൂരിൽ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നു പ്രകടനത്തിൽ മുദ്രാവാക്യം മുഴങ്ങിയത്. ഡി ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും അരിഞ്ഞ് തള്ളുമെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് കോൺഗ്രസ് സി.പി.എം പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്‍തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൂത്തേടത്ത് വ്യാഴാഴ്ച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ ഭീഷണി മുദ്രാവാക്യം വിളിച്ചത്.

മുദ്രാവാക്യം പ്രചരിച്ചതോടെ മുസ്ലീം ലീഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക് ധരിച്ച് വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്ത് തെറ്റായി കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം മൂത്തേടം ലോക്കൽ സെക്രട്ടറി ഷാനവാസ് പറഞ്ഞു.