പഴുതടച്ച് അന്വേഷണം! അഞ്ച് അടിയുള്ള മൂർഖൻ ജനാല വഴി എ.സി മുറിയിൽ കയറില്ല ; സൂരജിന്റെയും ഉത്രയുടെയും വീടുകളിൽ പരിശോധന നടത്തി വി‌ദ‌ഗ്ദ്ധ സംഘം

Tuesday 23 June 2020 1:50 PM IST

കൊല്ലം: ഉത്ര കൊലപാതക കേസിൽ പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളിൽ കയറില്ലെന്ന് എട്ടംഗ വിദഗ്ദ്ധ സമിതി. അഞ്ച് അടിയുള്ള മൂർഖൻ ജനാല വഴി എ.സി മുറിയിൽ കയറില്ല. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നുമാണ് വിദഗ്ദ്ധസമിതിയുടെ അഭിപ്രായം.

സൂരജിന്റെയും ഉത്രയുടെയും വീടുകളിൽ വിദഗ്ദ്ധ സംഘം പരിശോധന നടത്തി. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇയാൾ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. വനം-വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.