ആദ്യ കൊലപാതക ശ്രമത്തിൽ മനസ്താപം തോന്നി , ഉത്രയ്ക്ക് സങ്കൽപ്പത്തിലെ ഭാര്യയാകാൻ കഴിഞ്ഞില്ല; സൂരജിന്റെ കുറ്റസമ്മതം
കൊല്ലം: സങ്കൽപ്പത്തിലെ ഭാര്യയാകാൻ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജിന്റെ കുറ്റസമ്മതം. കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി മെയ് നാല്, അഞ്ച് തീയതികളിൽ ഉത്ര വഴക്കിട്ടു. ഇത് പെട്ടെന്ന് പ്രകോപനമുണ്ടാക്കിയെന്നും മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചെന്നുമാണ് സൂരജിന്റെ മൊഴി.
വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. അണലിയെ ഉപയോഗിച്ചുള്ള കൊലപാതകശ്രമത്തിൽ മനസ്താപം തോന്നിയെന്നും സൂരജ് പറഞ്ഞു. അതേസമയം, ഉത്ര വധക്കേസിൽ വിദഗ്ധ സമിതിയുടെ പരിശോധന പൂർത്തിയായി. ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് സമിതിയുടെ നിഗമനം.
അഞ്ചടി നീളമുള്ള മൂർഖൻ ജനാല വഴി മുറിക്കകത്തേക്ക് കയറില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഉറങ്ങികിടന്ന ഉത്രയെ പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാകാം. സൂരജിന്റെ വീടിന്റെ രണ്ടാംനിലയിൽ അണലി സ്വയം എത്തില്ലെന്നും സമിതി കണ്ടെത്തി. ഈ കണ്ടെത്തലുകൾ വിശദമായ റിപ്പോർട്ടാക്കി അടുത്തദിവസം കൊല്ലം റൂറൽ എസ്.പിക്ക് കൈമാറും.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ആറംഗ സമിതി ഉത്രയുടെ അഞ്ചലിലെ വീട്ടിലും സൂരജിന്റെ പറക്കോട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.