മാതൃകയാകേണ്ടയാൾ തന്നെ ഇങ്ങനെ ചെയ്താൽ എന്താകും അവസ്ഥ? മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും ; ബ്രസീൽ പ്രസിഡന്റിന് താക്കീതുമായി ജഡ്ജി
സാവോ പോളോ: ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് തലസ്ഥാന നഗരമായ ബ്രസീലിയയിലെ ഫെഡറൽ ജഡ്ജിയുടെ മുന്നറിയിപ്പ്. പൊതുസ്ഥലത്ത് മാസ്ക് വയ്ക്കുക, അല്ലെങ്കിൽ പിഴ ഈടാക്കേണ്ടി വരും. ബ്രസീലിയയിൽ പൊതുജനങ്ങൾക്ക് മുന്നിലെത്തുമ്പോൾ ബൊൽസൊനാരോ കർശനമായി മാസ്ക് ധരിക്കണമെന്നാണ് ഫെഡറൽ ജഡ്ജിയായ റിനേറ്റോ ബോറല്ലി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇത് ലംഘിച്ചാൽ ഓരോ തവണയും 386 ഡോളർ വീതം പിഴ ഈടാക്കുമെന്നും ബൊൽസോനാരോയ്ക്ക് മുന്നറിയിപ്പ് നൽകി.
ബ്രസീലിയയിലെ സർക്കാർ ജീവനക്കാർക്കും ഇത് ബാധകമാണ്. കൊവിഡ് വ്യാപനം തടയാനായി പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ 30നാണ് ബ്രസീലിയയിൽ പുറപ്പെടുവിച്ചത്. എന്നാൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ തുടർച്ചയായി റാലികളിൽ പങ്കെടുക്കുകയും, പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഇതേവരെ മാസ്ക് ഉപയോഗിക്കാൻ തയാറായിട്ടില്ല.
ജനങ്ങൾക്ക് മാതൃകയാകേണ്ട പ്രസിഡന്റ് തന്നെ മാസ്കും വയ്ക്കാതെ, സാമൂഹ്യ അകലവും വകവയ്ക്കാതെ തെരുവുകളിൽ ഇറങ്ങുകയാണെങ്കിൽ ജനങ്ങളുടെ കാര്യം എന്താകുമെന്നാണ് ബ്രസീൽ സംസ്ഥാനങ്ങളിലെ ഗവർണർമാർ ചോദിക്കുന്നത്. രാജ്യം അത്യന്തം അപകട ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ബൊൽസൊനാരോയുടെ നിലപാടുകൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദക്ഷിണാർദ്ധ ഗോളത്തിൽ 1,000 കൊവിഡ് മരണങ്ങൾ മറികടന്ന ആദ്യ രാജ്യം ബ്രസീലായിരുന്നു. നിലവിൽ രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതേവരെ 1,151,479 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 52,771 പേർ മരിച്ചു. രോഗികളുടെ മരിച്ചവരുടെയും യഥാർത്ഥ കണക്കുകൾ ഔദ്യോഗിക രേഖകളിൽ നിന്നും വളരെ ഉയരെയാണ്. മിക്ക സംസ്ഥാനങ്ങളിലും ക്വാറന്റൈൻ നിയമങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിലും പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ നിയന്ത്രണങ്ങളെയെല്ലാം വെല്ലുവിളിയ്ക്കുന്ന രീതി ഇപ്പോഴും തുടരുകയാണ്.
ലോക്ക്ഡൗൺ രാജ്യത്തെ സാമ്പത്തികനിലയെ തകർക്കുമെന്നാണ് ഇപ്പോഴും ബൊൽസൊനാരോയുടെ അഭിപ്രായം. നേരെത്തെ ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലെ തെരുവുകളിൽ സന്ദർശനം നടത്തുന്നതിനിടെ ബൊൽസൊനാരോ തനിക്ക് ചുറ്റും ഒത്തുകൂടിയവർക്ക് ഹസ്തദാനം നൽകുകയും, ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കുക എന്ന സർക്കാർ നിർദ്ദേശം പ്രസിഡന്റായ ബൊൽസൊനാരോ തന്നെ ലംഘിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു അത്. പിന്നീട് എല്ലാ റാലികളിലും ബൊൽസൊനാരോ ഇതേ രീതി തന്നെ തുടരുകയും ചെയ്തു. ചെറിയ പനിയ്ക്ക് വേണ്ടി ഇവർ കാണിക്കുന്ന നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നിലയെ പിന്നോട്ട് വലിക്കുമെന്നാണ് ബൊൽസൊനാരോ മുമ്പ് പറഞ്ഞത്. ബൊൽസാനാരോയുടെ പ്രസ്താവനകൾ ബ്രസീലിൽ ഏറെ രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. കൊവിഡിന്റെ ആരംഭത്തിൽ തന്നെ രാജ്യത്ത് ഏറെ ജനപ്രീതിയുണ്ടായിരുന്ന ആരോഗ്യമന്ത്രിയെ ബൊൽസൊനാരോ പുറത്താക്കി. തൊട്ടുപിന്നാലെ ബൊൽസൊനാരോയുടെ നയങ്ങളോട് വിയോജിപ്പറിയിച്ചു കൊണ്ട് നിയമ മന്ത്രിയും, പുതുതായി അധികാരമേറ്റ ആരോഗ്യ മന്ത്രിയും രാജി വച്ചിരുന്നു.