നിരീക്ഷണത്തിലായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി പരിഭ്രാന്തി പരത്തി

Thursday 25 June 2020 5:22 AM IST

ആറ്റിങ്ങൽ: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യു.പി തൊഴിലാളി തിരുവനന്തപുരത്തുനിന്ന് നടന്ന് ആലംകോട് പള്ളിക്ക് സമീപം എത്തി ആത്മഹത്യാ ഭീഷണി മുഴക്കി പാഞ്ഞുനടന്നത് പരിഭ്രാന്തി പരത്തി. അക്രമാസക്തനായ മീരാജ് കുമാറി (25)​ നെ ഒടുവിൽ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വിവരമറിഞ്ഞ ഉടൻ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ നിയന്ത്രിച്ചു. ഇയാളുടെ ശരീര ഊഷ്‌മാവ് ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷം ആംബുലൻസിൽ വലിയകുന്ന് താലൂക്കാശുപത്രിയിലേക്കും അവിടെന്ന് മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ക്വാറന്റൈൻ സെന്ററിലേക്കും മാറ്റി.

എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് വാഹനങ്ങൾക്കിടയിലേക്ക് ചാടി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു ഇയാൾ. ആറ്റിങ്ങൽ എസ്.ഐ ശ്രീജിത്തിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്നാണ് അപകടത്തിൽ നിന്നു ഇയാളെ രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവും നൽകിയാണ് യുവാവിനെ സമാശ്വസിപ്പിച്ചത്. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശരീരം കീറി മുറിവേൽപ്പിക്കാനും ഇയാൾ ശ്രമിച്ചു.

കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം ഇയാൾ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. തുടർന്ന് ക്വാറന്റൈൻ സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഇയാൾ രഹസ്യമായി ചാടിക്കടന്ന് ആറ്റിങ്ങലിൽ എത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സംസാരവും പ്രവൃത്തിയും പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നതും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ ബാഗും പഴ്‌സുമെല്ലാം ട്രെയിനിൽ വച്ച് കൊള്ളയടിക്കപ്പെട്ടതായും പറയുന്നുണ്ട്. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായാൽ നിരവധിപേർ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന ഭയപ്പാട് നിലനിൽക്കുകയാണിപ്പോൾ.