വാതിലുകളും ജനാലകളും പണിയാൻ ഈ തടികൾ ഉപയോഗിച്ചോളൂ, ഐശ്വര്യം പിന്നാലെ വരും
ജനാലകളെക്കുറിച്ചും വാതിലുകളെക്കുറിച്ചും അതിന് ഉപയോഗിക്കുന്ന തടികളെക്കുറിച്ചുമുള്ള സംശയങ്ങളാണ് കൂടുതൽ പേർക്കും അറിയേണ്ടത്. ഇത്തവണ അതേപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ജനാലകളും വാതിലുകളും വീടിന്റെ വാതായനങ്ങളാണ്. ഊർജബഹിർഗമനമുണ്ടാവേണ്ടത് ഇതുവഴിയാണ്. മനുഷ്യന് ശ്വാസം പോലെയാണ് ജനാലകളും വാതിലുകളും. ഏറ്റവും ശരിയായി തന്നെ ഇത് വിന്യസിക്കപ്പെടണം. വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാസ്തുദോഷമില്ലാത്ത വീട് പണിയാം. പണിതു കഴിഞ്ഞ വീടാണെങ്കിൽ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ, ജനാലകളും വാതിലുകളും മാറ്റിവച്ച് പ്രശ്നം പരിഹരിക്കാം.
വാതിലുകളും ജനാലകളും വയ്ക്കുന്നതും അതിന്റെ സ്ഥാനനിർണയം നടത്തേണ്ടതും വാസ്തുകാരനാണ്. പുതിയ വീടുകൾ വയ്ക്കുമ്പോൾ കട്ടിള വയ്ക്കുന്നതിന് മുമ്പ് മൊത്തം ഫൗണ്ടേഷൻ അളന്ന് അതിന്റെ ഊർജപ്രസരണ മേഖലകൾ കണ്ടെത്തണം. ഈ ഊർജമേഖലകളുടെ ഒഴുക്കിനനുസരിച്ച് വേണം മുറികളിൽ വാതിലുകളും ജനാലകളും വയ്ക്കേണ്ടത്. അത് പരമാവധി വടക്കു കിഴക്കേ ഭാഗത്തേയ്ക്ക് കേന്ദ്രീകരിച്ചാവണം. അങ്ങനെ വന്നാൽ ഊർജബഹിർഗമനം തടസമില്ലാതെയാവും. പ്രധാനവാതിലും അങ്ങനെ തന്നെ ക്രമപ്പെടുത്തണം. അതായത് വീടിന്റെ മൊത്തം ആകാരത്തിന്റെ മുഖവും തുറപ്പും പ്രധാനവാതിലാണ്. ഈ തുറപ്പ് ഈശാന ഭാഗത്തേയ്ക്കായാൽ അത് വലിയ ഗുണകരമാകും. മിക്കവാറും ചെയ്തു കാണുന്നത് വാസ്തുദോഷം ഉണ്ടാകുന്ന മാതൃകകളാണ്. ഫാഷനുവേണ്ടി കാട്ടിക്കൂട്ടുന്നത് ഒത്തിരി മോശമാണെന്ന് പറയാതെ വയ്യ. കന്നിമൂലയിൽ പോലും പ്രധാന വാതിലും സിറ്റൗട്ടും വച്ചിരിക്കുന്ന ആയിരക്കണക്കിന് വീടുകൾ കണ്ടിട്ടുണ്ട്. ചില ഫാഷനുകൾ ആ വീട്ടുകാർക്ക് കൊടുക്കുന്ന വിഷമതകൾ അനുഭവം കൊണ്ടാണ് മനസിലാക്കേണ്ടത്.
മുറികളിലെ പരമാവധി വാതിലുകൾ പറ്റുമെങ്കിൽ വടക്ക് കിഴക്ക് കേന്ദ്രീകരിച്ച് വയ്ക്കാം. പറ്റാത്തവ മൊത്തം അളവിലെ മാറ്റക്രമത്തിന് വിധേയമായി പുനഃക്രമീകരിക്കാം. തെക്കുപടിഞ്ഞാറെ മൂലയിലെ മുറിയിൽ ജനാല വയ്ക്കുമ്പോൾ മൂലയിൽ നിന്ന് കുറഞ്ഞത് മൂന്നടിയെങ്കിലും മാറ്റി വയ്ക്കുന്നത് നന്നായിരിക്കും. മുറി 90 ഡിഗ്രിയിൽ മൂല നില നിർത്തുകയും വേണം. എല്ലാ മുറികളുടെയും മൂലകളും മദ്ധ്യവും പ്രത്യേകം നോക്കിയേ ജനാല വയ്ക്കാവൂ. വീടിന്റെ മദ്ധ്യഭാഗത്ത് മൂന്നോ നാലോ അഞ്ചോ പാളി വരുന്ന വിധം ജനാല വയ്ക്കാം. വടക്കുകിഴക്കും ജനൽ പാളികളുടെ എണ്ണം കൂട്ടാം. പൂജാമുറിയുടെ മുന്നിൽ ഒറ്റപ്പാളി ജനാല ആവാം. തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറും പരമാവധി ജനൽ പാളികളുടെ എണ്ണം കുറയ്ക്കാം. മുൻവശത്താണ് ഈ ദിശകളെങ്കിൽ അതിന് മറുവശത്തായി ഊർജതടസമില്ലാതെ ജനാലയോ വാതിലോ ക്രമപ്പെടുത്താം. വടക്ക് പടിഞ്ഞാറ് ഭാഗത്തും രണ്ടുപാളി ജനാലകളാണ് അഭികാമ്യം. വടക്ക് കിഴക്ക്, കിഴക്ക് ഭാഗങ്ങളിൽ പരമാവധി വലിയ ജനാലകൾ വയ്ക്കുന്നത് അത്യുത്തമമാണ്. എന്നാൽ മൊത്തം വീടിന്റെ ഭംഗിയോ എലിവേഷന്റെ തരമോ നോക്കി ഇഷ്ടാനുസരണം കട്ടിളയോ ജനാലയോ മാറ്റാം. പക്ഷേ അത് വാസ്തുദോഷമായി മാറരുതെന്ന് മാത്രം. വീട് കെട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ വാസ്തു നോക്കി ജനാലകളും വാതിലുകളും നിജപ്പെടുത്തണം. നിലവിൽ വച്ചിട്ടുള്ള വീടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ശരിയല്ലാത്തവ മാറ്റിവയ്ക്കണം.
ഉറപ്പുള്ള ഏത് തടിയും ഉപയോഗിച്ച് കട്ടിളയും ജനാലയും പണിയാം. അത് തേക്കോ, വീട്ടിയോ ആഞ്ഞിലിയോ, പ്ലാവോ, ഇരുമ്പ് മരമെന്ന് വിളിക്കുന്ന ഇരുൾമരവുമൊക്കെ ആവാം. പക്ഷേ പലേടത്തും കണ്ടുവരുന്നത് കട്ടിളയ്ക്കും കതകിനും വെവ്വേറെ തടി ഉപയോഗിക്കുന്ന രീതിയാണ്, അതായത് കട്ടിള ആഞ്ഞിലിയാണെങ്കിൽ അതിനിടുന്ന കതക് തേക്കിന്റേതാവാം. അത് ഗുണകരമല്ല. തേക്കിന്റെ കട്ടിളയ്ക്ക് തേക്കിന്റെ തന്നെ കതകിടണമെന്ന് സാരം. ഒരേ തരം തടി വീടിനാകെ ഉപയോഗിക്കുന്നത് വലിയ ഗുണമുണ്ടാക്കും.