ഇന്ത്യ-ചൈന സംഘർഷം ഇനി വെള‌ളിത്തിരയിൽ; മേജർ രവിയുടെ 'ബ്രിഡ്‌ജ് ഓൺ ഗൽവാൻ' വരുന്നു

Saturday 27 June 2020 11:23 AM IST

കിഴക്കൻ ലഡാക്കിലെ ഗൽവാൻ നദിക്ക് കുറുകെ ഇന്ത്യൻ മണ്ണിൽ സേന നിർമ്മിച്ച പാലത്തിന്റെ പേരിൽ ചൈനയ്‌ക്കുണ്ടായിരുന്ന അപ്രിയം തുടർന്ന് ഇന്ത്യ-ചൈന തർക്കമായും ജൂൺ 15ഓടെ ഇരു രാജ്യങ്ങളുടെ സേനകളും തമ്മിലെ വലിയ സംഘർഷമായും മാറി വാർത്താ പ്രാധാന്യത്തോടെ നിൽക്കുകയാണിപ്പോൾ. ഈ സംഘർഷത്തിലെ പ്രധാന കാരണങ്ങളിലൊന്നായ ഗാൽവൻ നദിയിലെ പാലത്തെ കുറിച്ചും ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ചും ഇനി നമുക്ക് വെള‌‌ളിത്തിരയിൽ കാണാം.

ചലച്ചിത്ര സംവിധായകൻ മേജർ രവി 'ബ്രിഡ്‌ജ് ഓഫ് ഗൽവാൻ' എന്ന പേരിൽ ചിത്രവുമായെത്തുന്നു. ഇന്ത്യ-ചൈന സംഘർഷങ്ങളുടെ ചരിത്രവും ഗൽവാൻ പാലത്തിന്റെ നിർമ്മാണവുമായിരിക്കും ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള‌ള താരങ്ങളെയും ഉൾപ്പെടുത്തി മുഴുവൻ ഇന്ത്യയുമായും ബന്ധമുള‌ള തരത്തിലാകും ചിത്രം നിർമ്മിക്കുക.

മുൻകാലങ്ങളിൽ ഇന്ത്യയും ചൈനയുമായി നടന്ന സംഘർഷങ്ങളും അതിനെ മുൻകാല സർക്കാരുകൾ ഏത് തരത്തിലാണ് കൈകാര്യം ചെയ്തിരുന്നതെന്നും തുറന്നുകാട്ടും ഈ ചിത്രത്തിൽ. മതിയായ ആയുധം പോലും ഉപയോഗിക്കാൻ അനുവാദമില്ലാതെ മോശമായ അവസ്ഥയിലാണ് അതിർത്തിയിൽ അന്നെല്ലാം അവർ ജോലി നോക്കിയത്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. 2021 ജനുവരിയിൽ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു.