വർക്കലയിലെ ഇടറോഡുകൾ തകർച്ചയിൽ

Sunday 28 June 2020 12:00 AM IST

വർക്കല: വർക്കല നഗരസഭയുടെ അധീനതയിലുള്ള ഇടറോഡുകൾ പലതും തകർന്ന് തരിപ്പണമായിട്ടും നഗരസഭ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. വർക്കല റെയിൽവേ സ്‌റ്റേഷൻ - മുണ്ടയിൽ കാവ് റോഡും വർക്കല താലൂക്കാശുപത്രി ട്രാൻസ്‌ഫോർമർ - ഗോഡൗൺ റോഡുമാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.

നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നഗരസഭയുടെ അധീനതയിലുള്ള രണ്ട് റോഡുകളും ഇനിയും നവീകരണം നടത്താൻ വർക്കല നഗരസഭ അധികൃതർ തയ്യാറാകുന്നില്ല. വർക്കല നഗരസഭാ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മുണ്ടയിൽ കാവിലേക്കുള്ള റോഡ് 5 വർഷത്തിലധികമായി തകർന്നു കിടക്കുകയാണ്.

ടാറിളകി റോഡാകെ കുഴിയായി. ചല്ലികളിളകി റോഡിൽ കിടക്കുന്നു. മഴക്കാലമായാൽ റോഡിൽ ചെളിവെള്ളം നിറയും. ഇതുവഴി ഇരുചക്രവാഹനയാത്ര ദുസഹമാണ്.

റോഡ് ടാറിംഗിന്‌ ടെൻഡറായെങ്കിലും പണി ഏറ്റെടുത്ത് നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.വർക്കല താലൂക്കാശുപത്രി റോഡിലെ ട്രാൻസ്ഫോർമർ- ഗോഡൗൺ റോഡും പത്തുവർഷത്തോളമായി തകർച്ചയിലാണ്. ചെറിയ റോഡ് നിറയെ കുഴികളാണ്. അനാവശ്യമായ ഹമ്പുകളും പൊളിഞ്ഞുകിടക്കുന്ന റോഡും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു. റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റസിഡന്റ്‌സ് അസോസിയേഷനുകളും പ്രദേശവാസികളും പലതവണ പരാതി നൽകിയിട്ടും റോഡ് നന്നാക്കാൻ മാത്രം നടപടിയുണ്ടായിട്ടില്ല. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിന് റീ ബിൽഡ് പ്രോജക്‌ടിൽ ഉൾപ്പെടുത്തി വർക്കല നിയോജകമണ്ഡലത്തിൽ തുക അനുവദിച്ചിരുന്നു. അതിൽ ഉൾപ്പെടുത്തി രണ്ട് റോഡുകളും പുനർനിർമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

നഗരസഭ 29 ാം വാർഡിലെ തണ്ണികുഴിവിളറോഡ്, വട്ടവിള റോഡ്, തറവൻ വിള റോഡ് എന്നിവയും കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു കാൽനടയാത്ര പോലും ദുരിതമാണ്. ടാർ ഇളകിയും മണ്ണ് ഒലിച്ചിറങ്ങിയുമാണ് റോഡ് നശിച്ചത്.