സൂര്യന്റെ ഒരു പതിറ്റാണ്ട്
ന്യൂയോർക്ക് : ഭൂമിയിലെ സർവചരാചരങ്ങളുടേയും ഊർജ്ജ കേന്ദ്രവും അവയുടെ നിലനിൽപ്പിന് കാരണവും സൂര്യനാണ്. അങ്ങനെയുള്ള സൂര്യന്റെ 11 വർഷം എങ്ങനെയുള്ളതായിരിക്കും.
അത്തരത്തിലൊരു ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാസയുടെ സോളാർ ഡൈനാമിക് ഓബ്‌സർവേറ്ററി പകർത്തിയ 11 വർഷത്തെ ചിത്രങ്ങൾ ചേർത്തുവെച്ച വീഡിയോയാണ് നാസ പുറത്തുവിട്ടത്.
വീഡിയോയ്ക്ക് ഒരുമണിക്കൂറോളമാണ് ദൈർഘ്യം. സൂര്യന്റെ ഇത്രയും കാലത്തെ ചാക്രിക പ്രവർത്തനങ്ങൾ ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുക എന്നതാണ് ഇതിലൂടെ നാസ ഉദ്ദേശിക്കുന്നത്. സൗരപ്രവർത്തനങ്ങളുടെ ഉയർച്ച താഴ്ചകളെ ഇതിലൂടെ വ്യക്തമായി മനസിലാക്കാനാവും.
വീഡിയോയിലെ ഓരോ ഫോട്ടോകളും ഓരോ മണിക്കൂറിലെയും സൂര്യന്റെ ദൃശ്യങ്ങളാണ്. ഇത്തരത്തിൽ 61 മിനിറ്റ് ദൈർഘ്യത്തിൽ ഓരോ ചിത്രങ്ങളും വീഡിയോയിലുണ്ട്. സൂര്യന്റെ ഒരു പതിറ്റാണ്ടെന്ന പേരിലാണ് നാസ ഈ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ആറുലക്ഷത്തിന് മുകളിൽ ഇതുവരെ ഈ വീഡിയോ കണ്ടു.