സഹലിന്റെ ജഴ്സി ലേലത്തിന്; കിട്ടിയ രണ്ടുലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

Sunday 28 June 2020 12:16 AM IST

പയ്യന്നൂർ:ഇന്ത്യൻ ഫുട്‌ബാൾ താരം സഹൽ അബ്ദുൾ സമദ് ലോകകപ്പ് യോഗ്യത മത്സരത്തിൽ അണിഞ്ഞ ജഴ്സി ലേലം ചെയ്ത് ലഭിച്ച 2,02,005 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

റീ സൈക്കിൾ കേരള പദ്ധതിയിൽ ഡി.വൈ.എഫ്‌.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയാണ് ഇന്ത്യൻ താരത്തിന്റെ ജഴ്സി ലേലത്തിൽ വെച്ചത്.

ക്ലബ് 2005 ടർഫ് കോർട്ടും ഗ്രേറ്റ് കവ്വായിയും ചേർന്നാണ് ജഴ്സി ലഭ്യമാക്കിയത്. കവ്വായി പാർക്കിൽ നടന്ന പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി തുക ഏറ്റുവാങ്ങി. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ് വി.കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് 2005 ടർഫ് കോർട്ട് മാനേജിംഗ് ഡയറക്ടർ ഷിദിൽ സഹൽ, ഗ്രേറ്റ് കവ്വായി ഭാരവാഹികളായ ടി.സി. ഫാറൂഖ്, എസ്. മൻസൂർ എന്നിവർക്ക് സഹൽ അബ്ദുൾ സമദ് ജഴ്സി കൈമാറി. എ.വി. രഞ്ജിത്ത്, പി.പി. അനിഷ, ജി. ലിജിത്ത്, ടി.പി. അനൂപ് എന്നിവർ സംസാരിച്ചു.