ലോക്ക്ഡൗൺ ലംഘിച്ച് ആർഭാട വിവാഹം; വരനടക്കം 15 പേർക്ക് കൊവിഡും 6.26 ലക്ഷം പിഴയും

Monday 29 June 2020 12:29 AM IST

ജയ്പുർ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ ആർഭാട വിവാഹത്തെത്തുടർന്ന് വരനടക്കം 15 പേർക്ക് കൊവിഡ്. വരന്റെ മുത്തച്ഛൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രോഗബാധയുണ്ടായവരുടെ ചികിത്സ, ക്വാറന്റീൻ ചെലവുകൾ തുടങ്ങിയവയ്ക്കായി 6,26,600 രൂപ പിഴ ചുമത്തി സർക്കാർ.

ലോക്ക് ഡൗൺ കാലത്ത് പരമാവധി 50 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂവെന്നിരിക്കെ രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കഴിഞ്ഞ 13ന് 250ൽ അധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. പങ്കെടുത്തയാർക്കും മാസ്‌ക്കില്ല, സാമൂഹിക അകലം പാലിച്ചില്ല. പോരാത്തതിന് സാനിറ്റൈസർ പോലും ഉപയോഗിച്ചില്ല.വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിന് ശേഷമാണ് കൊവിഡ് ലക്ഷണങ്ങളോടെ വരനെയടക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെയാണ് ആഢംബര കല്യാണം നാട്ടിൽ പാട്ടായത്.

വിവാഹത്തിൽ പങ്കെടുത്ത 100 പേരെ നിരീക്ഷണത്തിലാക്കി.വധു അടക്കം 17 പേർ പരിശോധനയിൽ രോഗബാധയേറ്റിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധയുണ്ടായവരുടെ ചികിത്സ, ക്വാറന്റീൻ ചെലവുകൾ തുടങ്ങിയവയ്ക്കായി 6,26,600 രൂപ പിഴയടയ്ക്കണമെന്നു കാണിച്ച് വരന്റെ പിതാവിന് ബിൽവാര ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അടയ്ക്കണമെന്നാണ് നിർദേശം. കൂടാതെ വരും ദിവസങ്ങളിൽ കൂടുതൽ ചെലവുകൾ ഉണ്ടാവുകയാണെങ്കിൽ അതും വരന്റെ കുടുംബത്തിൽനിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.