കാർഷിക സമൃദ്ധിക്ക് കേരളശ്രീ ഞാറ്റുവേല കിറ്റ്
Monday 29 June 2020 1:34 AM IST
തൃശൂർ: കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാനൊരുങ്ങുന്ന കർഷകർക്ക് കേരളശ്രീയുടെ ഞാറ്റുവേല കിറ്റ്. വിത്തുകൾ, ഗ്രോ ബാഗുകൾ, വളങ്ങൾ, ജൈവ കീടനാശിനികൾ, കൈയുപകരണങ്ങൾ, റബ്ബർ ഗ്ലൗസ്, മണ്ണിര കമ്പോസ്റ്റ്, സീഡിംഗ് ട്രേ, ജൈവകൃഷിക്ക് വേണ്ട ശാസ്ത്രീയ പാക്കേജ് എന്നിവയാണ് കിറ്റിലുള്ളത്. 850 രൂപ വരെ വിലയുള്ള കിറ്റുകൾക്ക് 499 രൂപ മാത്രമാണ് ഈടാക്കുന്നത്. ജൂലായ് 4വരെ ഞാറ്റുവേല കിറ്റ് ലഭിക്കും. സംസ്ഥാന കൃഷിവകുപ്പിന് കിഴിൽ കേരളശ്രീ എന്ന പേരിലാണ് ഞാറ്റുവേല കിറ്റ് വിപണനം ആരംഭിച്ചത്. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ചെമ്പൂക്കാവിൽ പ്രവർത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പർ ബസാറിലാണ് കിറ്റ് വിൽപന ആരംഭിച്ചത്. കൃഷിക്ക് സ്ഥലപരിമിതിയുള്ള നഗരവാസികൾക്ക് ഉപയോഗപ്രദമായ രീതിയിലാണ് കിറ്റുകൾ ഒരുക്കിയത്.