ഇളവുണ്ടായെങ്കിലും ജില്ല ലോക്ഡൗൺ മൂഡിൽ

Monday 29 June 2020 1:38 AM IST

തൃശൂർ : ഇളവ് ഉണ്ടായെങ്കിലും ജില്ല ഇന്നലെ ലോക്ഡൗൺ മൂഡിൽ. നഗരത്തിലെ ഏതാനും ഡിവിഷനുകൾ മാത്രമാണ് കണ്ടെയ്‌ൻമെന്റ് സോണായി നിലനിൽക്കുന്നുള്ളൂവെങ്കിലും നഗരം നിശ്ചലാവസ്ഥയിലായിരുന്നു. വളരെ കുറവ് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. നഗരത്തിലേക്ക് സ്വകാര്യ ബസുകൾ ഉണ്ടായിരുന്നില്ല. സ്വരാജ് റൗണ്ടിൽ തേക്കിൻകാട്, പള്ളിക്കുളം, കൊക്കാലെ തുടങ്ങി നഗരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഡിവിഷനുകൾ കണ്ടെയ്‌ൻമെന്റ് സോണായതിനാൽ കടകൾ തുറന്നു പ്രവർത്തിച്ചില്ല. അതേസമയം നഗരത്തിന് പുറത്ത് കടകൾ തുറന്നിരുന്നെങ്കിലും ഗതാഗതം കുറവായിരുന്നു. നഗരത്തിൽ കണ്ടെയ്‌ൻമെന്റ് സോണിലെ പല ഇടവഴികളും പൊലീസ് വടം കെട്ടി അടച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണാക്കിയത് മുതൽ സ്വരാജ് റൗണ്ടിലേക്ക് ബസ്, ടാക്‌സി, ഓട്ടോകൾക്ക് പ്രവേശനം നിരോധിച്ചിരുന്നു.