മറിയപ്പള്ളിയിലെ അസ്ഥികൂടം: ദുരൂഹത ഒഴിയുന്നില്ല, ഡി.എൻ.എ ടെസ്റ്റിനായി ഇന്ന് സാമ്പിൾ ശേഖരിക്കും, ജിഷ്ണുവിന്റെ മാല കണ്ടെത്താനായില്ല

Monday 29 June 2020 11:27 AM IST

കോട്ടയം: വൈക്കം കുടവെച്ചൂർ താമിക്കല്ല് വെളുത്തേടത്ത്ചിറയിൽ ജിഷ്ണു ഹരിദാസിന്റെ (23) മരണത്തിൽ ദുരൂഹത തുടരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി വീട്ടുകാർ വൈക്കം പൊലീസിൽ പരാതി നല്കി. എന്നാൽ, അന്വേഷണം തുടരുകയാണെന്ന് വൈക്കം സി.ഐ എസ്. പ്രദീപ് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് നാട്ടകം മറിയപ്പള്ളിയിലെ ഇന്ത്യാ പ്രസ് അങ്കണത്തിലെ പുളിമരച്ചുവട്ടിൽ അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ലിറ്റററി മ്യൂസിയ നിർമ്മാണത്തിനായി അങ്കണത്തിലെ കാടുതെളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശരീരത്തിൽ നിന്നും മാംസം വേർപെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തല ശരീരത്തിൽ നിന്നും വേർപെട്ടിരുന്നു. മരത്തിൽ തൂങ്ങിയതെന്ന് സംശയിക്കുന്ന ഷർട്ടിന്റെ അംശം മരത്തിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മൂന്നാം തീയതിയാണ് ജിഷ്ണുവിനെ കാണാതായത്. തുടർന്ന് വീട്ടുകാർ വൈക്കം സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. ഇതിനിടയിലാണ് മറിയപ്പള്ളിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതും വീട്ടുകാർ അസ്ഥികൂടത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതും.

എന്നാൽ ഡി.എൻ.എ ടെസ്റ്റ് എടുക്കാതെ മൃതദേഹം വിട്ടുനല്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തം ഡി.എൻ.എ ടെസ്റ്റിലായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശേഖരിച്ചിരുന്നു. അസ്ഥികൂടത്തിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബറട്ടറിയിലാണ് ടെസ്റ്റ് നടക്കുക. 20 ദിവസത്തിനുള്ളിൽ ഇതിന്റെ റിസൾട്ട് വരുമെന്ന് വൈക്കം പൊലീസ് പറഞ്ഞു. അതുകഴിഞ്ഞു മാത്രമേ അസ്ഥികൂടം ആരുടേതെന്ന് വ്യക്തമാവുകയുള്ളു.

ബാർ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ജിഷ്ണു മൂന്നാം തീയതി കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറിപ്പോവുന്നത് കണ്ടവരുണ്ട്. പിന്നെ ജിഷ്ണുവിനെ ആരും കണ്ടിട്ടില്ല. ജിഷ്ണു മദ്യപിക്കുന്ന ആളല്ലെന്നും കഞ്ചാവോ സിഗരറ്റോ ഉപയോഗിക്കില്ലെന്നും ഒരു പെൺകുട്ടിയോടും പ്രണയം ഉണ്ടായിരുന്നില്ലെന്നും ജിഷ്ണുവിന്റെ വീട്ടുകാർ പറയുന്നു. ആരോ അപായപ്പെടുത്തിയതാവാമെന്നാണ് ഇപ്പോഴും അവർ വിശ്വസിക്കുന്നത്. വീട്ടുകാർക്ക് ആരെയും സംശയവുമില്ല.

അതേസമയം ജിഷ്ണുവിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണമാല നഷ്ടമായിട്ടുണ്ട്. കഴുത്തിൽ മാലയുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞതിനെ തുടർന്ന് മൃതദേഹം കിടന്ന പ്രദേശത്ത് ചിങ്ങവനം സി.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജെ.സി.ബി ഉപയോഗിച്ച് കാട് തെളിച്ചപ്പോൾ മണ്ണിൽ മാല പുതഞ്ഞുപോയിക്കാണും എന്നാണ് കരുതുന്നത്. എന്നാൽ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. അത് സൈബർ വിദഗ്ധർ പരിശോധിച്ചുവരികയാണ്.

ഇതിനിടയിൽ നവമാധ്യമങ്ങളിലൂടെ കഥകൾ ഒന്നിനുപിറകെ ഒന്നായി ഒഴുകുകയാണ്. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് പൊലീസ് പറയുന്നു. വെച്ചൂർ ബണ്ട് റോഡിൽ രാത്രിയിൽ ജിഷ്ണുവിനെ ആരോ തടഞ്ഞുനിർത്തിയതായും പേരുവിവരം ചോദിച്ചുവെന്നുമാണ് ഒരു വാർത്ത. ജിഷ്ണുവിന്റെ ഒരു കൂട്ടുകാരന്റേതായാണ് പോസ്റ്റ് വന്നത്. അതെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.