ചുമട്ടുകൂലി തർക്കം,വേളി ടൂറിസ്റ്റ് വില്ലേജിലെ മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടു വന്ന ബോഗികൾ ഇറക്കാനായില്ല
തിരുവനന്തപുരം: ചുമട്ടുകൂലി തർക്കത്തെ തുടർന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടു വന്ന ബോഗികൾ ഇറക്കാനായില്ല. ഐ.എൻ.ടി.സി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് തുടങ്ങി ഏഴ് തൊഴിലാളി യൂണിയനുകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ട്രെയിനിന്‍റെ എൻജിനും മൂന്ന് ബോഗികളും ഇറക്കാൻ 65,000 രൂപ തൊഴിലാളികൾ കൂലിയായി ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനിടയാക്കിയത്.
ക്രെയിൻ ഉപയോഗിച്ച് ബോഗികൾ ഇറക്കുന്നതിനാൽ കൂലി നൽകാനാവില്ലെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് സൊസൈറ്റി നിലപാടെടുത്തു. ഒപ്പം കമ്പനി സ്വന്തം നിലയിൽ ക്രെയിൻ ഉപയോഗിച്ച് ബോഗികൾ ഇറക്കാനും തീരുമാനിച്ചു. ഇതോടെ ലോഡിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ യൂണിയനുകൾ ഉറച്ചുനിന്നു. അസി. ലേബർ ഓഫീസറുടെ മദ്ധ്യസ്ഥതയിൽ അനുനയത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തർക്കംപരിഹരിക്കാൻ തൊഴിലാളികളും കരാറുകാരുമായി ജില്ലാ ലേബർ ഒാഫീസർ ചർച്ച നടത്തും.