പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും: ചൈനീസ് അധിനിവേശ ശ്രമങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിക്കുമെന്ന് സൂചന

Monday 29 June 2020 10:45 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. നാളെ വൈകിട്ട് നാല് മണിക്കാകും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുക. മാർച്ച് 19 കൊവിഡ് പ്രതിരോധത്തിലേക്കുള്ള രാജ്യത്തിന്റെ ആദ്യ ചവിട്ടുപടിയായ 'ജനതാ കർഫ്യു' പ്രഖ്യാപിച്ചതിനു ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മാർച്ച് 22നായിരുന്നു രാജ്യം കൊവിഡിനെതിരെ 'ജനതാ കർഫ്യു' ആചരിച്ചത്.

മോദിയുടെ സംബോധനയിൽ ഇന്ത്യ-ചൈന സംഘർഷമാണ് വിഷയമായേക്കുക എന്നാണ് അനുമാനം. അതേസമയം കേന്ദ്ര സർക്കാരിന്റെ ലോക്ക്ഡൗൺ ലഘൂകരണ പദ്ധതിയുടെ രണ്ടാം ഘട്ടമായ 'അൺലോക്ക് 2.0'യുടെ മാർഗനിർദേശങ്ങൾ പുറത്തുവിട്ടതിന്റെ പിറ്റേന്നാണ്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസബോധന ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ചും ജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുമെന്നും കരുതപ്പെടുന്നു.