അവർക്ക് നൽകുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷൻ ആർമിയുടെ കൈകളിലേക്ക് എത്തിച്ചേരും, ഹോങ്കോംഗുമായുള്ള പ്രതിരോധ കരാർ റദ്ദാക്കി അമേരിക്ക

Tuesday 30 June 2020 9:39 AM IST

വാഷിംഗ്ടൺ: ഹോങ്കോംഗിന്റെ സ്വതന്ത്ര ഭരണത്തിൽ ചൈന നടത്തുന്ന കൈകടത്തലിൽ പ്രതിഷേധിച്ച് ഹോങ്കോംഗിനുള്ള പ്രതിരോധകരാർ അമേരിക്ക റദ്ദാക്കി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഹോങ്കോംഗിന് മേൽ തുടരുന്ന അടിച്ചമർത്തൽ നയത്തിൽ അവരുമായുള്ള എല്ലാ നയങ്ങളും പുന:പരിശോധിക്കേണ്ട അവസ്ഥയാണെന്ന് അമേരിക്ക സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പ്രറഞ്ഞു.

ചൈനയോട് എടുക്കുന്ന അതേസമീപനം നിലവിലെ ഹോങ്കോംഗ് ഭരണകൂടത്തോട് എടുക്കാൻ അമേരിക്ക നിർബന്ധിതമായിരിക്കുകയാണ്. ഹോങ്കോംഗുമായി നടത്തിവന്ന പ്രതിരോധ രംഗത്തെ കയറ്റുമതി വ്യവസ്ഥകൾ ഇന്നുമുതൽ റദ്ദാക്കുകയാണ്. ഒപ്പം സാങ്കേതിക മേഖലകൾക്കു നൽകി വന്ന സഹായങ്ങളും നിർത്തലാക്കിയതായി അദ്ദേഹം പറഞ്ഞു.

'ഹോങ്കോംഗിന്റെ സ്വതന്ത്ര ഭരണത്തിന് മേൽ ബീജിംഗിന്റെ കൈകടത്തൽ അംഗീകരിക്കാനാകില്ല. ചൈനയുടെ 'ഒരു രാജ്യം ഒരു ഭരണസംവിധാനം' എന്നത് ഹോങ്കോംഗ് തുടർന്നുവന്ന ആഗോള നയത്തിനും, അവിടത്തെ സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്' മൈക്ക് പോംപിയോ വ്യക്തമാക്കി.അമേരിക്ക ഹോങ്കോംഗിന് നൽകുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷൻ ആർമിയുടെ കൈകളിലേക്ക് എത്തിച്ചേരും. അതുണ്ടാവാതിരിക്കാനാണ് പ്രതിരോധ കരാർ റദ്ദാക്കിയത്. തങ്ങളുടെ നിലപാട് ജനങ്ങൾക്കെതിരല്ല, കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയാണ്. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കാവുന്ന തരത്തിലെല്ലാം അമേരിക്ക നയങ്ങളെടുക്കുമെന്നും പോംപിയോ പറഞ്ഞു.