രാജ്യത്ത് അഞ്ചരലക്ഷം കടന്ന് കൊവിഡ് ബാധിതർ, 24 മണിക്കൂറിനിടെ 18,522 പേർക്ക് രോഗം, രണ്ട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷം

Tuesday 30 June 2020 10:39 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,522 ആയി. 418 പേരാണ് ഒരു ദിവസത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. കണക്കുകളനുസരിച്ച് 5,66,840 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 16,893 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2,15125 ആണ്. 3,34821 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയർന്നു.

രാജ്യത്ത് രോഗബാധിതരയവരിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. ആകെ 1,69,883 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗികളായത്. ഇന്നലെ മാത്രം 5257 പേർ രോഗികളായി. ഡൽഹിയെ പിന്നിലാക്കി തമിഴ്നാട് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തി. 86,224 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ രോഗികളായത്. ഡൽഹിയിൽ 85,161 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്നാടും അടുത്ത മാസം 31 വരെ ലോക് ഡൗൺ നീട്ടി.

ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവർത്തിക്കുന്നവർക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികൾ ഉൾപ്പെടെ പതിനാല് ആശുപത്രികളിൽ മാത്രം ഇതുവരെ രോഗികളായത് 2109 ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 18 ആരോഗ്യ പ്രവർത്തകർ മരിച്ചു. ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗികളായത് ഡൽഹി എംയിസിലാണ്. 769 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്.