'ചിങ്കാരി' മേളം തുടങ്ങി; ടിക് ടോകിനെ കൈവിട്ട് ഇന്ത്യൻ ആപ്പ് മണിക്കൂറിൽ ലക്ഷക്കണക്കിന് ജനം ഡൗൺലോഡ് ചെയ്‌തു

Tuesday 30 June 2020 12:31 PM IST

വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് നിർമ്മിത ആപ്പുകൾ കേന്ദ്ര സർക്കാർ‌ നിരോധിച്ചതോടെ സമാനമായ ഇന്ത്യൻ നിർമ്മിത വീഡിയോ ഷെയറിംഗ് ആപ്പായ 'ചിങ്കാരി' ക്ക് ആവശ്യക്കാരേറുകയാണ്. ഉടമകൾ സമൂഹമാദ്ധ്യമമായ ട്വിറ്ററിലിട്ട പോസ്റ്റിൽ മണിക്കൂറിൽ ഒരു ലക്ഷം ഡൗൺലോഡുകളാണ് ചിങ്കാരിക്ക് ഉണ്ടാകുന്നതെന്ന് ആപ്പ് ഉടമകൾ പറഞ്ഞു . ഗൂഗിൾ പ്ളേസ്‌റ്റോറിൽ 25 ലക്ഷം പേർ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്‌ത് കഴിഞ്ഞു. 4.7 റേറ്റിംഗും ആപ്പിന് ലഭിച്ചു. ഒറിജിനൽ ഇന്ത്യൻ ഷോർട് വീഡിയോ ആപ്പ് എന്ന വാചകത്തോടെയാണ് ചിങ്കാരി ഇവിടെ കാണാനാകുക.

ആറ് ലക്ഷത്തിൽ നിന്ന് പത്ത് ദിവസം കൊണ്ട് 25 ലക്ഷമായി ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചിങ്കാരി ടീം ഇതിന് കേന്ദ്ര സർക്കാരിനോട് നന്ദി അറിയിച്ചിട്ടുമുണ്ട്. സ്വയം പര്യാപ്തമായ വിപണി ഇതിലൂടെ സാധ്യമാക്കുമെന്നും ആപ്പ് വികസിപ്പിച്ചെടുത്ത ചിങ്കാരി ഉടമ സുമിത് ഘോഷ് പറഞ്ഞു.

അതേ സമയം ടിക് ടോക് ഉൾപ്പടെ കഴിഞ്ഞ ദിവസം നിരോധിച്ച ആപ്പുകൾ ഇന്ത്യയുടെ പരമാധികാരത്തെയും ധർമ്മനീതിയെയും ഹനിക്കുന്ന സ്വഭാവമുണ്ടെന്നും അതിനാലാണ് കടുത്ത നടപടി വേണ്ടിവന്നതെന്നും സർക്കാർ അറിയിച്ചു. ഇതിനിടെ ഷോർട് വീഡിയോ ആപ്പുമായി ഗൂഗിളിന്റെ യൂട്യൂബും രംഗത്തെത്തുകയാണ് 'ഷോട്‌സ്' എന്നാണ് ഈ ആപ്പിന്റെ പേര് എന്നാണ് അറിയുന്നത്.