മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് വികലാംഗയായ ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ ഇരുമ്പുവടിക്ക് തല്ലിച്ചതച്ചു

Tuesday 30 June 2020 4:02 PM IST

ഹൈദരാബാദ്:മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട വികലാംഗയായ യുവതിയെ ഓഫീസിനുള്ളിൽ സഹപ്രവർത്തകൻ മർദ്ദിച്ചവശനാക്കി. ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ഹോട്ടലിലെ ഓഫീസിലായിരുന്നു സംഭവം. ക്രൂരമർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ബക്സാർ എന്ന ഉദ്യോഗസ്ഥൻ മാസ്ക് ധരിക്കാതെയാണ് ഓഫീസിലെത്തിയത്. ഇതിനെ യുവതി ചോദ്യംചെയ്യുകയും മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഇതിൽ കലിപൂണ്ട ബക്സാർ ഓടിയെത്തി ജോലിചെയ്തുകൊണ്ടിരുന്ന യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് തറയിലേക്ക് വലിച്ചിടുകയും മേശപ്പുറത്തുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് ക്രൂരമായി തല്ലുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവർ ഏറെ പണിപ്പെട്ടാണ് കലിതുളളി നിന്ന ബക്സാറിനെ പിടിച്ചുമാറ്റിയത്. ബക്സാറിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.