ബൈക്കിലെത്തിയ സംഘം എസ്.ഐയെയും സംഘത്തെയും ആക്രമിച്ചു

Wednesday 01 July 2020 12:49 AM IST

കോവളം: തിരുവല്ലത്ത് ബൈക്കിലെത്തിയ സംഘം പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐയെയും സംഘത്തെയും ആക്രമിച്ചു. തിരുവല്ലം സ്‌റ്റേഷനിലെ ജൂനിയർ എസ്.ഐ ജെ.എസ്. മിഥുനിനെയും സംഘത്തെയുമാണ് രണ്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ പാലപ്പൂര് ചാനൽ പൊറ്റവിള വീട്ടിൽ സാജൻ (25), പന്നിയോട് രാധാസ് വീട്ടിൽ ആനന്ദ് (21) എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തു. ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. വണ്ടിത്തടം ശിവക്ഷേത്രത്തിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ബൈക്ക് കൈ കാണിച്ച് നിറുത്തി. തുടർന്ന് രേഖകൾ ആവശ്യപ്പെടുന്നതിനിടെ സംഘം പൊലീസിനെ തള്ളിമാറ്റുകയും അവരുടെ യൂണിഫോം വലിച്ച് കീറിയ ശേഷം ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരെ പിടികൂടാനെത്തിയ എസ്.ഐയെയും ഇവർ ആക്രമിച്ചു. തുടർന്ന് ഇരുവരെയും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്ന് എസ്.ഐ ബിപിൻ പ്രകാശ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു.