രാജ്യത്ത് ആശങ്കയായി കൊവിഡ്; 24 മണിക്കൂറിനിടെ 507 പേർ മരിച്ചു, 18,853 കൊവിഡ് ബാധിതർ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 507 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,400 ആയി ഉയർന്നു. ആകെ 18,853 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
5,85,493 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ 2,20,114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,47,979 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ മാത്രം 1,74,761 രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. 7,855 പേരാണ് അവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 87,360 പേർക്കാണ് രോഗം. 2,742 മരണം രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
90,167 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ 1,201 മരണവും 32,557 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1,846 മരണവുമുണ്ടായി. ഉത്തർപ്രദേശിൽ 697, പശ്ചിമബംഗാളിൽ 668, മദ്ധ്യപ്രദേശിൽ 572, തെലങ്കാനയിൽ 260 എന്നിങ്ങനെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം കേരളത്തിൽ 4,442 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,114 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്.