സംസ്ക്കരിക്കാൻ പണമില്ല, മദ്ധ്യപ്രദേശിൽ ആദിവാസി യുവതിയുടെ മൃതദേഹം പുഴയിൽ എറിഞ്ഞു
ഭോപ്പാൽ: ആദിവാസി യുവതിയുടെ മൃതദേഹം പുഴയിൽ എറിയുന്ന കണ്ണുനനയിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സംസ്ക്കാര ചടങ്ങ് നടത്താനുളള പണമില്ലാത്തതിനാലാണ് മൃതദേഹം പുഴയിൽ എറിഞ്ഞതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. കഠിനമായ പനിയെ തുടർന്ന് ദിവസങ്ങളായി യുവതി കിടപ്പിലാണെന്നും ആംബുലൻസ് വിളിച്ചിട്ട് ലഭിച്ചില്ലെന്നും തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നും മരിച്ച യുവതിയുടെ സഹോദരൻ ആരോപിച്ചു. യുവതി മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ ആംബുലൻസിനായി സമീപിച്ചെങ്കിലും ഞായറാഴ്ചയാണെന്ന് പറഞ്ഞ് ആംബുലൻസ് നൽകിയില്ലെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. മൃതദേഹം പുഴയിൽ എറിഞ്ഞത് ആരോ ഷൂട്ട് ചെയ്താണ് സമൂഹമാദ്ധ്യമങ്ങളിലിട്ടതെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് നേതാവ് കമൽ നാഥ് ശിവരാജ് സിംഗ്
സർക്കാരിനെതിരെയും ബിജെപിക്ക് എതിരെയും രംഗത്ത് വന്നു. യുവതിയുടെ മൃതദേഹം പുഴയിൽ എറിഞ്ഞ സംഭവത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കമൽ നാഥ് ആരോപിച്ചു.അതേസമയം വസ്തുത മനസിലാക്കാതെയാണ് കോൺഗ്രസ് ആരോപണമുയർത്തുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.