ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവി പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി;ഇ-ബസ് പദ്ധതിയിൽ നിന്ന് പിന്തിരിയില്ല

Wednesday 01 July 2020 8:35 PM IST

തിരുവനന്തപുരം:ഇ-ബസ് പദ്ധതിയെ കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോകാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖകള്‍ പൂര്‍ണമല്ലെന്നും ഫയലിന്റെ ഒരു ഭാഗം മാത്രമാണ് ചെന്നിത്തല ഉയര്‍ത്തിക്കാട്ടിയത്. മറ്റുള്ളവരുടെ വാക്കുകള്‍ ഏറ്റുപറയരുത്. ഇലക്ട്രിക് ബസ് നിര്‍മാണത്തിനുള്ള പദ്ധതി കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി വിവരമുണ്ട്. അത്തരമൊരു ശ്രമത്തിന് വളംവെച്ചുകൊടുക്കരുതെന്നാണ് പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരുതരത്തിലുള്ള തെറ്റായ കാര്യങ്ങളും നടന്നിട്ടില്ല, നടക്കുകയുമില്ല. സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പിഴവ് വരുത്തി എന്ന കാരണത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ എന്ന സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയത് ഓഡിറ്റ് നടത്തുന്നതിന് രണ്ടുവര്‍ഷത്തേയ്ക്ക് വിലക്കാണ്. കണ്‍സള്‍ട്ടന്‍സിക്ക് വിലക്കില്ല. വസ്തുതകളെ ഭാഗികമായി അവതരിപ്പിച്ചും യാഥാര്‍ഥ്യങ്ങളെ തമസ്‌കരിച്ചും പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വിസ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് വൈദ്യുത ബസ് നിര്‍മിക്കാനുള്ള കരാര്‍ സംബന്ധിച്ച് ഉയർന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.മറ്റൊരു കമ്പനിയും മുന്നോട്ടുവരാതിരുന്ന സാഹചര്യത്തിലാണ് ഹെസ്സുമായി മുന്നോട്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചത്. നടപടിക്രമം പാലിച്ചുതന്നെയാണ് ഇത് നടന്നതെന്നും വിവിധ വകുപ്പുകള്‍ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.