ടെഹ്റാനിലെ ആശുപത്രിയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 19 മരണം
Thursday 02 July 2020 12:33 AM IST
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ സിന അത്താർ ക്ലിനിക്കിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ആശുപത്രിയിലെ ഓക്സിജൻ ഗ്യാസ് ടാങ്കുകളിൽ ഒന്നിലുണ്ടായ ചോർച്ച മൂലം കനത്ത പുക ഉണ്ടാവുകയും പിന്നീട്, തീപിടിക്കുകയുമായിരുന്നു. കൂടുതൽ പേരും ചൂടും പുകയും കാരണമാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ക്ളിനിക്കിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്നവരാണ് മരിച്ചവരിൽ ഏറെയും. അപകടസമയത്ത് രോഗികളും ജീവനക്കാരുമായി അൻപതിലധികം പേർ ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.