സാത്താങ്കുളത്തെ സാത്താന്മാർ...!
ആളുകളെ കൊല്ലാക്കൊല ചെയ്യുന്ന സാത്താന്മാരായ പൊലീസുകാരുടെ താവളമായി മാറിയിരിക്കുകയാണ് തമിഴ്നാട് തൂത്തുക്കുടിയിലെ സാത്താങ്കുളം പൊലീസ് സ്റ്റേഷൻ. ലോക്ക് ഡൗൺ രാത്രിയിൽ കട അടയ്ക്കാൻ വൈകിയതിന് ജയരാജ്(59), മകൻ ബെന്നിക്സ്(31) എന്നിവരെ സ്റ്റേഷനിലെത്തിച്ച് മൂന്നു മണിക്കൂർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് സാത്താങ്കുളത്തെ സാത്താന്മാരായ പൊലീസുകാരാണ്. രാജ്യമാകെ പൊലീസിന്റെ ഈ കാടത്തത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ജൂൺ 19ന് ഈ കിരാതവേട്ടയ്ക്ക് ഒരാഴ്ച മുൻപും സാത്താങ്കുളത്തെ ലോക്കപ്പിൽ പൊലീസ് ഒരു ജീവനെടുത്തു. തൂത്തുക്കുടിക്കാരൻ മഹേന്ദ്രനെ കൊലപ്പെടുത്തി, പോസ്റ്റുമാർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകുകയും ചെയ്തു. രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഒരേ ഉദ്യോഗസ്ഥർ തന്നെ. ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകൾക്ക് കാരണമെന്നുമാണ് എഫ്.ഐ.ആറിൽ.
തമിഴ്നാട് പൊലീസിന്റെ കിരാതവേട്ടയാണ് സാത്താങ്കുളത്ത് കണ്ടത്. ജൂൺ18ന് രാത്രി എട്ടേകാലോടെ കട അടപ്പിക്കാനെത്തിയ പൊലീസ് കോൺസ്റ്റബിളിനോട് 'ഇത്രയും കടകൾ തുറന്നിരിക്കുമ്പോൾ എന്റെ മൊബൈൽ കട മാത്രം അടയ്ക്കണോ ' എന്ന് ജയരാജ് ചോദിച്ചതാണ് സാത്താന്മാരെ പ്രകോപിപ്പിച്ചത്. ഈ ചോദ്യത്തിന് പൊലീസ് വിധിച്ച ശിക്ഷയായിരുന്നു ആ അച്ഛനും മകനുമുള്ള അതിക്രൂര മരണം. അനുവദിക്കപ്പെട്ടതിലും കാൽ മണിക്കൂർ കൂടുതൽ കട തുറന്നെന്ന് ആരോപിച്ച് പിടികൂടിയ ജയരാജനെ ക്രൂരമായി മർദ്ദിച്ചത് ചോദ്യം ചെയ്തെന്നതാണ് മകൻ ബെന്നിക്സിനെതിരായ കുറ്റം. അച്ഛനെ പൊലീസ് കൊണ്ടു പോയെന്നറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തിയതായിരുന്നു ബെന്നിക്‌സ്. ലോക്കപ്പിലെ ക്രൂരതകൾ കേട്ടാൽ നമ്മളെല്ലാം ഞെട്ടിത്തരിക്കും. പൂർണ നഗ്നരാക്കി, മൂന്നു മണിക്കൂർ ക്രൂരപീഡനമായിരുന്നു ലോക്കപ്പിൽ. അച്ഛനെയും മകനെയും പ്രകൃതിവിരുദ്ധ പീഡനത്തിന് പൊലീസ് ഇരയാക്കി. മലദ്വാരത്തിൽ സ്റ്റീൽ കെട്ടിയ ലാത്തി കയറ്റി, ലൈംഗികമായി ഉപദ്റവിച്ചു. ബെന്നിക്സിന്റെ നെഞ്ചിലെ രോമം പിഴുതെടുത്തു. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം നിയന്ത്റിക്കാനായില്ല. ചോരയിൽ കുളിച്ചാണ് ഇരുവരെയും ലോക്കപ്പിൽ നിന്ന് പുറത്തിറക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നില ഗുരുതരമായതോടെ ഇരുവരെയും പൊലീസ് ഗവ.ആശുപത്രിയിലാക്കി. നാല് മണിക്കൂറിനിടെ ഏഴുതവണ ലുങ്കി മാറേണ്ടി വന്നു. രക്തത്തിൽ കുതിർന്ന ലുങ്കികൾ പൊലീസ് പുറത്തെത്തിച്ച് നശിപ്പിച്ചു. ചോരയൊലിപ്പിച്ചു കൊണ്ടാണ് ഇരുവരെയും മജിസ്ട്രേറ്റിന്റെ വസതിയിൽ എത്തിച്ചത്. കൊവിഡ് കാലമായതിനാൽ നാൽപ്പതടി അകലത്തിൽ നിൽക്കണമെന്ന് സാത്താൻകുളം മജിസ്ട്രേറ്റ് ഡി.ശരവണൻ വാശിപിടിച്ചു. വീടിന്റെ ബാൽക്കണിയിൽ നിന്ന് നോക്കുക മാത്രമാണ് മജിസ്ട്രേറ്റ് ചെയ്‌തത്. ഇരുവരെയും പൊലീസ് ജീപ്പിൽ ഇരുത്തി. വീടിന്റെ മുകൾ നിലയിൽ നിന്ന് മജിസ്ട്രേറ്റ് ഇവരെ കണ്ടു, കൈവീശി കൊണ്ടുപോകാൻ ആംഗ്യം കാട്ടി. റിമാന്റ് റിപ്പോർട്ട് ഒപ്പിട്ടു നൽകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്സ് സർട്ടിഫിക്കറ്റ് നൽകി. ശരീരത്തിൽ ഗുരുതര പരിക്കുണ്ടായിട്ടും സബ്‌ജയിലിലും ഇവർക്ക് ചികിത്സ കിട്ടിയില്ല.
കേരളാ പൊലീസിലുമുണ്ട് സാത്താന്മാർ...!
ഒരു തെളിവും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ ഉരുട്ടിക്കൊലക്കേസ്, ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് രണ്ട് പൊലീസുകാർക്ക് കൊലക്കയറൊരുക്കിട്ടും പൊലീസ് ഒരു പാഠവും പഠിച്ചിട്ടില്ല. കാക്കിയുടെ ബലത്തിൽ പൊലീസ് ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നത് തുടരുകയാണ്. അന്വേഷണങ്ങൾ ഒതുക്കിതീർത്തും അധികാരപ്രയോഗത്തിലൂടെ കേസുകളിലും പണമിടപാടുകളിലും തീർപ്പുണ്ടാക്കിയും സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ പൂഴ്‌ത്തിയും രാഷ്ട്രീയപിന്തുണയോടെ നാട്ടുരാജാക്കന്മാരെപ്പോലെ വിലസുകയാണ് പൊലീസ്.
ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന് 15വർഷം കഴിഞ്ഞിട്ടും, ലോക്കപ്പുകളിൽ കൈത്തരിപ്പ് കാട്ടുന്നത് തുടരുകയാണ് പൊലീസ്. ഉദയകുമാറിനു ശേഷം മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. നാലുപേരുടെ മരണം പൊലീസ് പല ന്യായങ്ങൾപറഞ്ഞ് ഒതുക്കി. വാരാപ്പുഴ സ്റ്റേഷനിലെ ലോക്കപ്പിൽ എസ്.ഐയുടെ ബൂട്ടിന്റെ ചവിട്ടേറ്റ് കുടൽമാല മുറിഞ്ഞ് കൊല്ലപ്പെട്ട ശ്രീജിത്ത്, പൊലീസ് കാട്ടിയ വഴിയിലൂടെയെത്തിയ ബന്ധുക്കൾ ജീവനെടുത്ത കോട്ടയത്തെ കെവിൻ, ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറിയിൽ പ്രതിയായ. രാജ്‌കുമാർ ഇങ്ങനെ നീളും പൊലീസ് ഇരയാക്കിയവരുടെ പട്ടിക.
തൂത്തുക്കിടിയിലേതിന് സമാനമായിരുന്നു ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനിലെ മൂന്നാംമുറ. സ്റ്റേഷനിലെത്തിച്ചപ്പോൾ ആരോഗ്യവാനായിരുന്ന രാജ്കുമാറിനെ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കി. തെളിവു നശിപ്പിക്കാൻ സി.സി.ടി.വി ഓഫാക്കിയിടുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിക്കുകയും ചെയ്തു. സമാനമായ കള്ളക്കളികൾ ഉദയകുമാർ, വരാപ്പുഴ ശ്രീജിത്ത് കേസുകളിലുമുണ്ടായി. ബൂട്ടിന് ചവിട്ടേറ്റ് കുടൽമാല മുറിഞ്ഞാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. ഫോർട്ട്സി.ഐഓഫീസിലെ ബഞ്ചിൽ ഉരുട്ടി അവശനാക്കി ലോക്കപ്പിൽ തള്ളിയ ഉദയകുമാർ, വാഹനമിടിച്ച് മരിച്ചെന്നായിരുന്നു അമ്മയോട് പൊലീസിന്റെ ന്യായം.
നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപെടുന്നതിനാൽ ലോക്കപ്പിലെ കൈക്കരുത്ത് കൂടുന്നതേയുള്ളൂ. ക്വട്ടേഷൻ-മാഫിയാ-രാഷ്ട്രീയ ബന്ധങ്ങളുള്ള പൊലീസുകാരാണ് മർദ്ദകവീരന്മാരാവുന്നത്. ലോക്കപ്പിലിട്ട് ആളെക്കൊല്ലുന്നവർക്കും ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. പുനലൂർ, പുന്നപ്ര, പൊൻകുന്നം, ചങ്ങരംകുളം, ബേഡകം, ഞാറയ്ക്കൽ സ്റ്റേഷനുകളിൽ മരണങ്ങളുണ്ടായി. മലപ്പുറത്തെ ചങ്ങരംകുളംസ്റ്റേഷനിൽ രണ്ടുവട്ടം കസ്റ്റഡിമരണങ്ങളുണ്ടായി. ഉദയകുമാറിന്റെയും ശ്രീജിവിന്റെയും ശ്രീജിത്തിന്റെയും കുടുംബത്തിന് 10ലക്ഷംവീതവും പുന്നപ്രയിലെ അഖിലേഷിന്റെ കുടുംബത്തിന് 5ലക്ഷവും സർക്കാർ നഷ്ടപരിഹാരം നൽകി.
ഏതുകേസിൽപെട്ടാലും ആറാംമാസത്തെ പുന:പരിശോധനയിലൂടെ കാക്കിയിട്ട് വിലസാമെന്നതാണ് പൊലീസിന് തുണയാവുന്നത്. 1129പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സ്ത്രീപീഡനം, മയക്കുമരുന്ന് കേസ് പ്രതികളെപ്പോലും സ്റ്റേഷൻ ചുമതലയിൽനിന്ന് ഒഴിവാക്കാറില്ല. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയാൽ നടപടിയെടുക്കാൻ 15വർഷമെങ്കിലുംകഴിയും. അപ്പോഴേക്കും സ്ഥാനക്കയറ്റത്തിലൂടെ ഡിവൈ.എസ്.പിയായിട്ടുണ്ടാവും. കുഴപ്പമില്ലാതെ വിരമിക്കാൻ പാകത്തിലായിരിക്കും അന്വേഷണറിപ്പോർട്ട്. രാഷ്ട്രീയസ്വാധീനമുണ്ടെങ്കിൽ നേരത്തേ ക്ലീൻചിറ്റ് നേടിയെടുക്കാം.
ലോക്കപ്പിലെ കൈക്കരുത്തിന്റെ ഇരകൾ---------------- ഇൻഫോഗ്രാഫിക്സിന്-----------------------------
ഉദയകുമാർ
ശ്രീകണ്‌ഠേശ്വരം പാർക്കിൽ കിടന്നുറങ്ങിയിരുന്ന ഉദയകുമാറിനെ മോഷണക്കുറ്റമാരോപിച്ച് പിടികൂടി ഫോർട്ട് സ്റ്റേഷനിലെത്തിച്ച് ഉരുട്ടിക്കൊന്നു. ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മൃതദേഹത്തിനെതിരേ മോഷണക്കേസെടുത്തു. രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയും കള്ളക്കളിനടത്തിയിട്ടും സി.ബി.ഐ സത്യംതെളിയിച്ചു.
സമ്പത്ത്
പുത്തൂർ ഷീലാവധക്കേസിൽ കസ്റ്റഡിയിലായിരിക്കേ 2010മാർച്ചിൽ മലമ്പുഴയിലെ കോട്ടേജിൽ മൂന്നാംമുറ പ്രയോഗത്തിൽ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്യാൻ വാറണ്ടുവാങ്ങിയശേഷം രണ്ട്ഐ.പി.എസുകാരെ സി.ബി.ഐ ഒഴിവാക്കി. പൊലീസുദ്യോഗസ്ഥരെമാത്രം പ്രതിയാക്കി കുറ്റപത്രം നൽകി.
ശ്രീജീവ്
പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് 2014മേയിലാണ് മരിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന ഫ്യുരിഡാൻകഴിച്ച് ആത്മഹത്യചെയ്തെന്ന് പൊലീസ്. സഹോദരൻ ശ്രീജിത്തിന്റെ സമരത്തെതുടർന്ന് സി.ബി.ഐ അന്വേഷിക്കുന്നു.
ശ്രീജിത്ത്
അയൽവാസിയുടെ വീടാക്രമണക്കേസിൽ ആളുമാറി സ്പെഷ്യൽസ്ക്വാഡ് കസ്റ്റഡിയിലെടുത്ത വാരാപ്പുഴ ദേവസ്വംപാടംകരയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. അറസ്റ്റ് മെമ്മോയുമുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തതായി ബന്ധുക്കളെ അറിയിച്ചില്ല. പൊലീസുകാരാണ് പ്രതികൾ.
ഒതുക്കപ്പെട്ട കസ്റ്റഡിമരണങ്ങൾ
അയൽക്കാരനുമായി വഴക്കിട്ടതിന് മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത സിബി കോട്ടയംമെഡിക്കൽകോളേജിൽ മരിച്ചു. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു.
പരസ്യമദ്യപാനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാസർകോട് ചൗക്കിയിലെ സന്ദീപ് ജീപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് മരിച്ചു.
എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത വിനീഷ് തൃശൂർ മെഡിക്കൽകോളേജിൽ മരിച്ചു. ഹൃദയസ്തംഭനമെന്ന് പൊലീസ്, ശരീരം നിറയെ മുറിവുകളുണ്ടായിരുന്നു.
പാലാ പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ, ലോറിഡ്രൈവർ റോബിൻ മെഡിക്കൽകോളേജിൽ മരിച്ചു. ദേഹാസ്വാസ്ഥ്യമെന്ന് പൊലീസ്. ശരീരത്തിലെ മുറിവുകൾ ദുരൂഹം.