ആട്ടിടയന് കൊവിഡ്: 47 ആടുകൾ ക്വാറന്റൈനിൽ

Friday 03 July 2020 1:54 AM IST

ന്യൂഡൽഹി: കർണാടകയിലെ തുംകൂരു ജില്ലയിൽ ആടുകളെ വളർത്തുന്നയാൾക്ക് കൊവിഡ്. ഇതോടെ ഇയാളുടെ 47 ആടുകളെ ക്വാറന്റൈനിലാക്കി. ബംഗളൂരുവിൽ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ഗോഡികേരെ ഗ്രാമത്തിലാണ് ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആടുകളെ നിരീക്ഷണത്തിലാക്കിയത്.

ഇയാൾ ഉൾപ്പെടെ രണ്ട് പേർക്കാണ് ഗ്രാമത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ഇയാളുടെ നാല് ആടുകൾ കഴിഞ്ഞ ദിവസം ചത്തതോടെ ആയിരത്തോളം ഗ്രാമവാസികൾ ഭീതിയിലായിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച ജില്ലാ ആരോഗ്യ, വെറ്റിറിനറി ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവ സാംപിളുകൾ ശേഖരിക്കുകയും ചെയ്തു.

അതേസമയം ആടുകളെ കൂട്ടത്തോടെ കൊല്ലാനെത്തിയതാണെന്ന് കരുതി ആരോഗ്യ സംഘത്തിന് നേരെ ഗ്രാമവാസികൾ പ്രതിഷേധം ഉയർത്തി. തുടർന്ന് ആടുകളിൽ നിന്ന് രോഗ വ്യാപന സാദ്ധ്യതയുണ്ടെന്നും പരിശോധന ആവശ്യമാണെന്നും ഗ്രാമവാസികളെ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് പരിശോധന നടത്തിയത്.