തീൻ മേശയിൽ മായം കലർന്ന മീൻ

Friday 03 July 2020 7:05 AM IST

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ പഴകിയതും മായം ചേർന്നതുമായ മത്സ്യ വില്പന വ്യാപകമാകുന്നു. തീരദേശത്തോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളാണ് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, നിലയ്ക്കാമുക്ക്, മണനാക്ക്, കീഴാറ്റിങ്ങൽ പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിൽ പലപ്പോഴും ലഭിക്കുന്നത് മായം ചേർന്നതും പഴകിയതുമായ മത്സ്യങ്ങളാണ്.

അഞ്ചുതെങ്ങ് കടലിൽനിന്നും ലഭിക്കുന്ന മത്സ്യങ്ങൾ ഈ പ്രദേശത്തെ ചന്തകളിൽ വില്പനക്ക് എത്താറില്ല. തൂത്തുകുടി, കന്യാകുമാരി, ആന്ധ്രാ, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഫോർമാലിൻ ചേർന്ന മത്സ്യങ്ങളാണ് പലപ്പോഴും വില്പനക്ക് എത്തുന്നത്. അഞ്ചുതെങ്ങിൽ കണ്ടെയ്നറുകളിൽ എത്തുന്ന ഈ മത്സ്യങ്ങൾ ചെറുകിട കച്ചവടക്കാർ എടുത്ത് കടയ്ക്കാവൂർ, നിലയ്ക്കാമുക്ക്, മണനാക്ക്, കീഴാറ്റിങ്ങൽ പ്രദേശങ്ങളിലെ വിവിധ മാർക്കറ്റുകളിൽ എത്തിക്കും. ഇത്തരം മത്സ്യങ്ങൾ വീടുകളിൽ എത്തിക്കുന്ന കച്ചവടക്കാരും നിരവധിയാണ്.

മത്സ്യം കണ്ടാൽ അപ്പോൾ പിടിച്ചതു പോലെ തോന്നും ഇതിനായി കടൽതീരത്തുനിന്നുള്ള മണൽ വാരി മത്സ്യങ്ങളിൽ വിതറിയിരിക്കും. വാങ്ങി കുറച്ചു സമയം കഴിയുമ്പോൾ ഈ മത്സ്യങ്ങളിൽനിന്നും രൂക്ഷഗന്ധവും മത്സ്യങ്ങളിൽ തൊടുന്ന കൈകൾക്ക് ചൊറിച്ചിലും അനുഭവപ്പെടും. അപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം ഉപഭോക്താക്കൾക്ക് മനസിലാകുന്നത്. ഇടയ്ക്ക് പഞ്ചായത്തുതലത്തിൽ പരിശോധന എന്ന നാടകം ഉണ്ടായിരുന്നു. ഏറെക്കാലമായി അതും കാണാനില്ല. കാൻസർ പോലുള്ള രോഗങ്ങൾ പടരുന്ന ഈ സാഹചര്യത്തിൽ മായം ചേർന്ന മത്സ്യവില്പനയ്ക്ക് എതിരെ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകണമെന്നതാണ് ജനങ്ങളുടെ ആവശ്യം.