പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം: ചെന്നിത്തല
തിരുവനന്തപുരം: ഇ-ബസ് പദ്ധതിയുടെ കൺസൾട്ടന്റായ ലണ്ടനിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു വർഷം മുമ്പ് തുടങ്ങിയ ഫയൽ നീക്കത്തിന് ധനകാര്യവകുപ്പ് അംഗീകാരം നൽകി. ഇനി ഗതാഗതമന്ത്രി ഒപ്പുവച്ചാൽ മതി.
ചീഫ് സെക്രട്ടറിക്കുള്ളതിനെക്കാൾ ഉയർന്ന സർക്കാർ ശമ്പളത്തിൽ ഈ കമ്പനിയുടെ നാല് ഉദ്യോഗസ്ഥരാണ് ഓഫീസിലുണ്ടാവുക. പ്രോജക്ട് മാനേജർ എക്സ്‌പർട്ട് - 3,34,800 രൂപ, ഫംഗ്ഷണൽ കൺസൾട്ടന്റ് - 3,02,400രൂപ, ടെക്നോളജി കൺസൾട്ടന്റ് - 3,02,400രൂപ, പൊളിസ് കൺസൾട്ടന്റ് - 3,02,400 രൂപ എന്നിങ്ങനെയാണ് ശമ്പളം.
കേരളത്തിന്റെ ആത്മാഭിമാനത്തിന് ചേരാത്ത ഈ ഫയൽ ഗതാഗതമന്ത്രി തള്ളിക്കളയണം. ഗതാഗതമന്ത്രി ആവശ്യപ്പെട്ടാലും ഫയൽ നൽകാത്ത ഗതാഗതസെക്രട്ടറി ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്?. കരാർ നൽകിയത് പിൻവാതിലിലൂടെയായതിനാലായിരിക്കും ഓഫീസിന് ബാക്ക് ഡോർ ഓഫീസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഒമ്പത് തട്ടിപ്പുകേസുകളുള്ള കമ്പനിക്ക് കേരളം മുഴുവൻ പിൻവാതിലിലൂടെ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്രമായിരിക്കും ഈ ഓഫീസ്.
ഇലക്ട്രിക് ബസ് കരാറിന്റെ ഫയൽ ചീഫ്സെക്രട്ടറി കാണണമെന്ന് കുറിച്ചത് താനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാൽ ചീഫ്സെക്രട്ടറി ചോദിച്ചത് ഇതിനുള്ള നടപടിക്രമങ്ങൾ പാലിച്ചോയെന്നാണ്. ധനകാര്യവകുപ്പ് ചോദിച്ചത് ഇതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്നാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനുത്തരം നൽകുന്നില്ല?
സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നും ഒപ്പിടുമ്പോൾ മന്ത്രിസഭ കണ്ടാൽ പോരേയെന്നുമാണ് മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ 2019 ജൂൺ 29ന് ധാരണാപത്രം ഒപ്പിട്ടെന്നാണ് ഹെസ്സിന്റെ വെബ്സൈറ്റിൽ. കച്ചവടമുറപ്പിച്ച് കൺസൾട്ടൻസിയെ വച്ചിരിക്കയാണ്. കൺസൾട്ടൻസി വിലക്കുണ്ടെങ്കിൽ കേന്ദ്ര ഏജൻസിയായ നിക്സി പറയില്ലേയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. നിക്സി പറഞ്ഞില്ലെന്നത് കൊണ്ട് വിലക്ക് വിലക്കല്ലാതാകുമോ? ശാസ്ത്രീയമായി അഴിമതി നടത്തി, തന്മയത്വത്തോടെ അത് മൂടിവയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
നാട് മുഴുവൻ കൺസൾട്ടൻസികളെക്കൊണ്ട് നിറച്ച് കടുംവെട്ടിനാണ് നീക്കം. അത് തടയാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ വികസന വിരോധികളാക്കുന്നു. പ്രതിപക്ഷനേതാവ് ഇങ്ങനെയായിപ്പോയല്ലോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്, ഇങ്ങനെയൊരു മുഖ്യമന്ത്രിയെയാണല്ലോ നമുക്ക് കിട്ടിയത് എന്നാണ്.