കടകളിൽ മോഷണം: പ്രായപൂർത്തിയാകാത്ത രണ്ടു പേരടക്കം നാലു പേർ അറസ്റ്റിൽ

Friday 03 July 2020 6:43 AM IST

തൃശൂർ: ലോക് ഡൗൺ സമയത്ത് അടഞ്ഞുകിടന്നിരുന്ന കടകളിൽ മോഷണം നടത്തിയിരുന്ന നാലു പേരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ ആരിഫ്(33), ചെന്നൈ റെഡ് ഹിൽസ് സ്വദേശി ശിവ (24) എന്നിവരുമാണ് അറസ്റ്റിലായത്.

ശക്തൻ സ്റ്റാൻഡിനു സമീപത്തെ മൊബൈൽ ഷോപ്പുടമയുടെ പരാതിയിലാണ് അറസ്റ്റ്. അടച്ചിട്ടിരുന്ന മൊബൈൽ ഷോപ്പിന്റെ ഷട്ടറിൽ കേടുപാട് കണ്ടതിനെ തുടർന്ന് ഉടമ പരിശോധിച്ചപ്പോഴാണ് മൊബൈൽ ഫോണുകൾ ഉൾപ്പെടെ മോഷണം പോയതായി മനസിലാക്കിയത്. പത്തു മൊബൈൽ ഫോണുകളും ഒരു ടാബും ഇവിടെ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. ഷട്ടറിന്റെ പൂട്ടുപൊളിക്കാതെയാണ് ഇവർ അകത്തു കയറിയത്.

സമാന രീതിയിൽ എം.ജി റോഡിലെ മൊബൈൽ ഷോപ്പിലും കവർച്ച നടത്തിയതായി പ്രതികൾ സമ്മതിച്ചു. അടച്ചിട്ട ഷട്ടറുകളുടെ ഒരു ഭാഗം മാത്രം ലോക്ക് ചെയ്തിട്ടുള്ള കടകളിൽ പകൽ സമയത്താണ് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഷട്ടറിന്റെ ലോക്ക് ചെയ്യാത്ത ഭാഗം ഉയർത്തി കുട്ടികളെ അകത്തേക്കു കയറ്റിയാണ് മോഷണം. ഈസ്റ്റ് സിഐ ലാൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.