ക്രിമിനൽ കേസിൽപ്പെട്ട വിദേശികൾക്ക് രാജ്യം വിടാനാവില്ല
ന്യൂഡൽഹി: തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയിൽപ്പെടുത്തിയ വിദേശികളുടെ പേരിൽ ക്രിമിനൽ കേസടക്കമുള്ള നടപടികൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവരെ രാജ്യത്ത് നിന്ന് കയറ്റി വിടാനാവില്ലെന്ന് സുപ്രീംകോടതി വാക്കാൽ വ്യക്തമാക്കി.
വിസാചട്ടങ്ങൾ ലംഘിച്ച് നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തതിന് കരിമ്പട്ടികയിൽ പെടുത്തിയതിനെതിരെ 34 വിദേശികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ ഇത് പറഞ്ഞത്.
സമ്മേളനവുമായി ബന്ധപ്പെട്ട് 2,679 വിദേശികളുടെ വിസ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 2,765 പേരെ കരിമ്പട്ടികയിൽപ്പെടുത്തി. ഇതിൽ 227 പേർ രാജ്യം വിട്ടു. 1,906 ലുക്ക് ഔട്ട് സർക്കുലറുകൾ ഇറക്കി. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് പതിനൊന്ന് സംസ്ഥാനങ്ങളിലായി 205 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഡൽഹിയിൽ 900 കേസുകളുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർന്നാണ് ക്രിമിനൽ നടപടി നേരിടുന്ന വിദേശികളെ രാജ്യം വിടാൻ അനുവദിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്. കരിമ്പട്ടികയിലുൾപ്പെടുത്തിയ വിദേശികൾക്കും വ്യത്യസ്ത ഓർഡറുകൾ നൽകണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
ഇന്തോനേഷ്യ, ബംഗ്ലാദേശ്, കിർഗിസ്ഥാൻ, തായ്‌ലൻഡ്, മ്യാൻമർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 3500 പേരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 വർഷം ഇന്ത്യയിലെത്തുന്നത് വിലക്കി കരിമ്പട്ടികയിൽപ്പെടുത്തിയത്. ഇവരിൽ പലരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്. കുറേപ്പേർ ക്വാറന്റൈനിലും.