എക്‌സൽ ഗ്ലാസിന് പൂട്ട് വീണിട്ട് വർഷം എട്ട്

Friday 03 July 2020 1:53 AM IST

 ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് തൊഴിലാളികൾ

ആലപ്പുഴ: പൂട്ടു വീണിട്ട് എട്ടു വർഷമായ പാതിരപ്പള്ളിയിലെ എക്‌സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് ഉത്പാദനം പുനരാരംഭിക്കണമെന്നും വിരമിച്ച തൊഴിലാളികളുടെയും നിലവിലുള്ള ജീവനക്കാരുടെയും ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യം ശക്തമായി.

2012 ഡിസംബർ 12 നാണ് ഫാക്ടറി പൂട്ടിയത്. അന്ന് 550 ജീവനക്കാരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്.

ഇവർക്ക് 9 മാസത്തെ ബോണസും, ഒരു മാസത്തെ ശമ്പളവും, ഇൻസെന്റീവും കുടിശികയായിരുന്നു. പിന്നീട് 320 ജീവനക്കാരുടെ വിരമിക്കൽ പ്രായം കഴിഞ്ഞു. ശേഷിക്കുന്ന 230 ജീവനക്കാരാണ് നിലവിലുള്ളത്. പിരിഞ്ഞവർക്കും നിലവിലുള്ളവർക്കും യാതൊരു ആനുകുല്യങ്ങളും നൽകിയിട്ടില്ല. കമ്പനി പൂട്ടുന്ന സമയത്തുണ്ടായിരുന്ന ഒൻപത് കോടി രൂപയുടെ കുപ്പികൾ ഗോഡൗണിലുണ്ട്. ഇവ ഉപയോഗ്യശൂന്യമായി. കമ്പനിക്ക് നിലവിൽ കോടികളുടെ ബാദ്ധ്യതയുണ്ട്. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത 14.5കോടിരൂപയുടെ വായ്പ ഇപ്പോൾ 35 കോടിയായി ഉയർന്നു. കൂടാതെ കെ.എസ്.ഇ.ബി, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകാനുള്ള ലക്ഷങ്ങൾ വേറെയും. തൊഴിലാളികളുടെ ആനുകുല്യങ്ങൾ പൂർണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകൾ തീർക്കുന്ന തരത്തിൽ ലിക്വിഡേറ്ററിന്റെ നടപടി തുടങ്ങിയതോടെ തൊഴിലാളികൾ കോടതിയെ സമീപിച്ചു.

നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടത്താനുള്ള നടപടി നിർത്തിവെയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് മാനേജ്മെന്റിന് തിരിച്ചടിയായി. ന് ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പൻസേഷൻ, നിർബന്ധിത പിരിച്ചുവിടൽ അനുകുല്യം, ശമ്പള കുടിശിക, ബോണസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കണമെന്നാവശ്യപ്പെട്ടു ഫാക്ടറിയിലെ 28 തൊഴിലാളികൾ ചേർന്നു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

തുടക്കം 1973ൽ

1973ൽ മന്ത്രിയായിരുന്ന ടി.വി.തോമസിന്റെ നേതൃത്വത്തിലാണ് എക്സൽ ഗ്ളാസ് ഫാക്ടറിയുടെ തുടക്കം. സംസ്ഥാനത്തെ ആദ്യ ഗ്ളാസ് ഫാക്ടറിയായിരുന്നു ഇത്. തുടക്കത്തിൽ പലരിൽനിന്ന് ഷെയർ സ്വീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ നല്ല ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനം 2000ന് ശേഷം നഷ്ടത്തിലേക്ക് നീങ്ങി. 2008ൽ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി. സർക്കാർ മുൻകൈ എടുത്ത് കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി എന്നീ ധനകാര്യ സ്ഥാപനങ്ങളിുൽ നിന്നെടുത്ത 14.5കോടി രൂപയുടെ വായ്പത്തുക കൊണ്ട് പുനരുദ്ധരിച്ച് 2011ൽ പ്രവർത്തനം ആരംഭിച്ചു. സർക്കാർ സോമാലിയ ഗ്രൂപ്പിന് മാനേജ്മെന്റിന്റെ ചുമതല നൽകി. 73രൂപയ്ക്ക് ലഭിച്ചിരുന്ന ഒരുടൺ മണലിന് വില1700 രൂപ ആയതോടെ പ്രവർത്തന നിർത്തിവെയ്ക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. മണ്ണിന്റെ വിലകുറക്കുന്നതിന് വേണ്ടി സർക്കാരുമായി ചർച്ച നടത്താനായി തൊടിലാളി സംഘടനകളുടെ അനുമതിയോടെ 30ദിവസത്തേക്ക് ലേഓഫ് പ്രഖ്യാപിച്ചു. തുടർന്ന് തൊഴിലാളി സംഘടനകൾ അറിയായതെ മാനേജ്മെന്റ് ഏകപക്ഷീയമായി 2012ഡിസംബറിൽ ലോക്ക്ഔട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ തൊഴിലാളി സംഘടനാ നേതാക്കൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ ചർച്ചയിൽ 250രൂപയായി മണ്ണ് വിലകുറച്ചിട്ടും മാനേജ്മെന്റ് ഫാക്ടറി തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ല. ഫാക്ടറിക്ക് ദേശീയ പാതയോരത്ത് 18 ഏക്കർ സ്ഥലവും നിരവധി കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ഉണ്ട്.ആലപ്പുഴയിൽ ഗസ്റ്റ് ഹൗസും, പള്ളിപ്പുറത്ത് മുന്നേക്കറോളം സ്ഥലവും ആസ്തിയായിട്ടുണ്ട്. പള്ളിപ്പുറത്തെ സ്ഥലത്ത് നിന്നാണ് മണൽ എടുത്തിരുന്നത്.

 ഒരുദിവസം 40 ലോഡ് കുപ്പികൾ

മണലിൽ ചില്ല് പൊടിയും രാസപദാർത്ഥവും ചേർത്ത് ഗുണനിലവാരം ഉള്ള കുപ്പിയാണ് ഇവിടെ നിർമ്മിച്ചിരുന്നത്. ഇത്തരത്തിലുള്ള നിർമ്മാണ രീതിക്ക് ചെലവ് കുറവാണ്. സ്വകാര്യ ഫാക്ടറികൾ മണലിന് പകരമായി രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനാൽ ചെലവ് കൂടുകയും ഗുണനിലവാരം കുറയുകയും ചെയ്യും. പ്രതിദിനം 40ലോഡ് കുപ്പികളാണ് ഫാക്ടറിയിൽ നിന്ന് കയറ്റി അയച്ചിരുന്നത്. അന്ന് എട്ടു മുതൽ 10ലക്ഷംരൂപ വരെ പ്രതിദിനം നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചിരുന്നു. പഴയ കുപ്പികൾ ഉപയോഗിക്കുമ്പോൾ 70ശതമാനം പുതിയ കുപ്പി ഉത്പാദിപ്പിക്കാൻ കഴിയും. ആവശ്യത്തിന് അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിക്കും. പത്തുടൺ കുപ്പിച്ചില്ല് ഒരുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കാനാകും. ഉത്പാദിപ്പിക്കുന്ന കുപ്പികൾ സർക്കാരിന്റെ മദ്യശാലകൾക്ക് മാത്രം എടുത്താലും വലിയ ലാഭത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഉത്പാദനം ആരംഭിച്ചാൽ പ്രത്യക്ഷമായി 500 പേർക്കും പരോക്ഷമായി അതിൽ കൂടുതൽ പേർക്കും തൊഴിൽ ലഭിക്കും.

"തൊഴിലാളികൾക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ അധികാരികൾ നടപടി കൈക്കൊള്ളുന്നില്ല. അടച്ചു പൂട്ടുന്നതിന് മുമ്പ് ആറുമാസത്തെ വിറ്റു വരവിൽ വലിയ ലാഭമാണ് ഉണ്ടായിരുന്നത്.

തൊഴിലാളികൾ